ലത്തീൻ ജനുവരി 12 മർക്കോ. 1: 21-28 ആത്മീയ മതിലുകൾ

“അവന്‍ അലറി: നസറായനായ യേശുവേ, നീ എന്തിന്‌ ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്‌? നീ ആരാണെന്ന്‌ എനിക്കറിയാം – ദൈവത്തിന്റെ പരിശുദ്ധന്‍” (മര്‍ക്കോ1:24).

ദൈവവുമായുള്ള മനുഷ്യബന്ധത്തിന് തടസ്സമാകുന്ന മനുഷ്യന്റെ മൂന്നുതരം ബോധങ്ങളെ പിശാചുബാധിതന്റെ വാക്കുകളിലൂടെ വെളിപ്പെടുത്തപ്പെടുന്നുണ്ട്.

1. അബദ്ധ-സ്വതന്ത്രതാ ബോധം (Wrong sense of Independence):നസറായനായ യേശുവേ, നീ എന്തിന്‌ ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? (മര്‍ക്കോ. 1:24) എന്ന പിശാചുബാധിതന്റെ ചോദ്യം ഇതിന് ഉദാഹരണമാണ്. ഞാൻ എന്നിൽത്തന്നെ പൂര്‍ണ്ണനാണ്. എനിക്ക് മറ്റാരുടെയെങ്കിലുമോ ദൈവത്തിന്റെ തന്നെയോ സഹായം ആവശ്യമില്ല എന്ന് ചിന്തിക്കുന്നതാണിത്. അബദ്ധസ്വാതന്ത്ര്യബോധം ഒരർത്ഥത്തിൽ അസ്വാന്ത്ര്യമാണ്.

ദൈവത്തെ ആത്മീയജീവിതത്തിന്റെ പടിപ്പുരയിൽ നിന്നും ഇറക്കിവിട്ട് ലോകത്തിന്റെ ഭൗതികതയിൽ ആശ്രയം വയ്ക്കുന്ന ലൗകികവാദം (Secularism), സുഖഭോഗവാദം (Hedonism) തുടങ്ങിയവ അബദ്ധസ്വാതന്ത്രവാദത്തിന് ഉദാഹരണങ്ങളായി കണക്കാക്കാം.

2. ഭയ-ബോധം (Attitude of Fear): “ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്‌?” (മര്‍ക്കോ. 1:24). ഭയം മനുഷ്യനെ പിടികൂടി കഴിയുമ്പോൾ അത് അവനെ ആത്മീയമായി തളർത്തുന്നു. ഉദാഹരണത്തിന്, അനുതപിച്ച് രക്ഷയിലേയ്ക്ക് തിരിച്ചുവരാനുള്ള യൂദാസിന്റെ അവസരം നഷ്ടപ്പെടുത്തിയത് അവന്റെ കുറ്റബോധം കലർന്ന ഭയമനോഭാവമാണ്. ഭയം, ദൈവത്തിൽ ആശ്രയിക്കാനുള്ള മനുഷ്യന്റെ ആത്മധൈര്യത്തെ കെടുത്തിക്കളയുന്നു.

3. അഹങ്കാര-ബോധം (Attitude of Pride): “നീ ആരാണെന്ന്‌ എനിക്കറിയാം – ദൈവത്തിന്റെ പരിശുദ്ധന്‍” (മര്‍ക്കോ. 1:24) എന്ന പിശാചുബാധിതന്റെ വാക്കുകളിൽ ജനിക്കുന്നത് ഈ ബോധമാണ്.  കണ്ണുകൾ അടച്ചാൽ കാണാൻ സാധിക്കാത്തതുപോലെയും ചെവികൾ അടച്ചാൽ കേൾക്കാൻ സാധിക്കാത്തതുപോലെയും, അഹങ്കാരത്താൽ ദൈവത്തിനു മുൻപിൽ ഹൃദയവാതിൽ കൊട്ടിയടയ്ക്കുന്ന ഭാവമാണിത്. ഇതുപോലെ ദൈവകാരുണ്യത്തിന്റെ മുൻപിൽ ഹൃദയവാതിൽ അടച്ചാൽ ക്ഷമയും സൗഖ്യവും സ്വീകരിക്കാനാവില്ല. അഹങ്കാരമനോഭാവത്താൽ ആത്മീയകാര്യങ്ങളിൽ സ്വയം നീതീകരിക്കുന്നവർ ഇതിന് ഉദാഹരണമാണ്.

അസ്വാതന്ത്ര്യം, ഭയം, അഹങ്കാരം എന്നിവയെ ഹൃദയത്തിൽ നിന്നും പടിയിറക്കി പകരം സ്വാതന്ത്ര്യം, സ്നേഹം, എളിമ എന്നിവയെ കുടിയിരുത്തുമ്പോൾ മനുഷ്യന്റെ ദൈവബന്ധവും ദൈവാശ്രയവും ഉൽകൃഷ്ടമാകും. ആമ്മേൻ.

ഫാ. ജെറി വള്ളോകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.