ലത്തീൻ ഡിസംബർ 19 ലൂക്കാ 1: 5-25 ക്രിസ്തുമസും നിശബ്ദതയും

“യഥാകാലം പൂര്‍ത്തിയാകേണ്ട എന്റെ വചനം അവിശ്വസിച്ചതുകൊണ്ട്‌ നീ മൂകനായിത്തീരും. ഇവ സംഭവിക്കുന്നതുവരെ സംസാരിക്കാന്‍ നിനക്കു സാധിക്കുകയില്ല” (ലൂക്കാ 1:20).

സ്നാപകയോഹന്നാന്റെ ജനനം, നാമകരണം എന്നിവയുടെ പശ്ചാത്തലത്തിൽ നടക്കുന്ന രണ്ട് സംഭവങ്ങൾ ക്രിസ്തുമസ് ഒരുക്കപശ്ചാത്തലത്തിൽ ശ്രദ്ധേയമാണ്.

1. നാവിന്റെ നിശബ്‌ദീകരണം: ദൈവത്തിന്റെ സാധ്യതയെക്കുറിച്ച് (എലിസബത്തിന്റെ വാർദ്ധക്യത്തിലെ ഗർഭധാരണം) ചിന്തിക്കാതെ സഖറിയ മനുഷ്യന്റെ അസാധ്യതയെക്കുറിച്ച് ചിന്തിച്ചതിനാൽ അവന്റെ നാവിനെ നിശബ്ദ്ധീകരിക്കുന്നത് പ്രത്യക്ഷത്തിൽ ഒരു ശിക്ഷയായി കാണാമെങ്കിലും അത് വിശ്വാസത്തെ ദൃഢപ്പെടുത്താനായി ദൈവം നൽകിയ ഒരു ചികിത്സയായി കാണാവുന്നതാണ്. ഒരു ശിശുവിന് മാതാവിന്റെ ഉദരവും പത്തുമാസവും വളരാനായി ആവശ്യമുള്ളതുപോലെ, വിശ്വാസ-വിത്തിന് ഹൃദയത്തിൽ മുളച്ചുവളരാൻ ഒരു നിശ്ചിതസമയം വേണം. ഒൻപതു മാസത്തെ നിശബ്ദതയും ധ്യാനവും ദൈവികരഹസ്യങ്ങളിന്മേൽ ധ്യാനിക്കാനും അനുഭവിക്കാനും അവനെ സഹായിക്കുന്നു.

2. എലിസബത്തിന്റെ ഏകാന്തവാസം: പ്രഥമദൃഷ്ട്യാ, നാണത്താൽ അവൾ തന്നെ തന്നെ ഒളിപ്പിച്ചുവെന്ന് തോന്നാമെങ്കിലും സക്കറിയായുടെ നാവിന്റെ നിസാബ്ദ്ധീകരണത്തിന്റെ വിജ്ഞാനം മനസിലായതുകൊണ്ട് ആയിരുന്നിരിക്കണം എലിസബത്ത്, ഏകാന്തതയുടെ നിശബ്ദ്ധീകരണത്തിലേയ്ക്കു പോകാൻ തീരുമാനിച്ചത്. നിശബ്ദതയിലെ വാസം ദൈവികരഹസ്യങ്ങളുടെ പൊരുൾ മനസിലാക്കാൻ അവളെയും സഹായിച്ചുവെന്ന് വിശ്വസിക്കാം.

ചുരുക്കത്തിൽ സക്കറിയ-എലിസബത്ത് ദമ്പതികളുടെ കുടുംബം ഒരു ധ്യാനകേന്ദ്രമായി മാറുകയാണ്. നയനാനന്ദകരമായ ദീപാലങ്കാരങ്ങളെക്കാളും കർണ്ണാനന്ദകരമായ ഗാനങ്ങളെക്കാളും ക്രിസ്തുമസിൽ പ്രാധാന്യമർഹിക്കുന്നത് മനുഷാവതാര രഹസ്യങ്ങളിന്മേലുള്ള ധ്യാനമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.