ലത്തീൻ ഒക്ടോബർ 30 ലൂക്കാ 14: 1-6 സ്നേഹപ്രതീകം 

ഒരു സാബത്തില്‍ അവന്‍ ഫരിസേയപ്രമാണികളില്‍ ഒരുവന്റെ വീട്ടില്‍ ഭക്ഷണത്തിനു പോയി. അവര്‍ അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു (ലൂക്കാ 14:1).

✝ വിരുന്നുകൾ സാധാരണമായി സംസ്കാരങ്ങളിലും സമൂഹങ്ങളിലും കുടുംബങ്ങളിലും പങ്കുവയ്ക്കലിന്റെയും  സ്നേഹപ്രകാശനത്തിന്റെയും വേളകളാണ്. എന്നാൽ ചിലപ്പോഴെങ്കിലും ഇത്തരം വേളകൾ വ്യക്തിപ്രചാരണത്തിന്റെയും പരവ്യക്തിഹത്യയുടെയും സാമ്പത്തിക സന്ധി ഇടപാടുകളുടെയും ശൃംഗാര ചാപല്യങ്ങളുടെയും സാമ്പത്തിക ശക്തിപ്രകടനത്തെയും രാഷ്ട്രീയ ലക്ഷ്യപൂർത്തീകരണത്തിന്റെയും വേളകളാക്കി മാറ്റാറുണ്ട്.

സ്നേഹത്തിന്റെ ഒരു പ്രകാശനവും പ്രതീകവും എന്നതിനേക്കാളധികമായി മറ്റുള്ളവരെ തരംതാഴ്ത്തുക,  സമൂഹത്തിൽ തന്റെ നിലയും സ്ഥാനവും ഉറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടു കൂടിയാണ് ഫരിസേയൻ ഈ വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നതെന്ന് യേശുവിന് മനസ്സിലാക്കുന്നു.

സ്നേഹപ്രതീകം ആകേണ്ട ആ വിരുന്നിന്റെ പശ്ചാത്തലത്തിൽ മഹോദരരോഗം ബാധിച്ച ഒരുവനെ സ്നേഹത്തിന്റെ പ്രകാശനമായി സുഖപ്പെടുത്താൻ പരിശ്രമിക്കുന്ന ക്രിസ്തുവിനെ, അവന്റെ സുഖപ്പെടുത്തുന്ന പ്രവർത്തിയെ സാബത്തിന്റെ ലംഘനമായി വ്യാഖ്യാനിച്ച് നിയമനിഷേധിയായി മുദ്രകുത്തി തരംതാഴ്ത്താൻ ഫരീസേയരും നിയമജ്ഞരും പരിശ്രമിക്കുന്നു.

സാമൂഹിക സംഗമങ്ങളുടെയും വിരുന്നുകളുടെയും അടിസ്ഥാനവും ആത്മാവുമായ സ്നേഹം  നഷ്ടമാകുന്നിടത്ത് ആഘോഷങ്ങൾ ചടങ്ങുകൾ ആകുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.