ലത്തീൻ ഒക്ടോബർ 22 ലൂക്കാ 12: 49-53 വിശുദ്ധീകരിക്കുന്ന അഗ്നി 

“ഭൂമിയില്‍ തീയിടാനാണ്‌ ഞാന്‍ വന്നത്‌. അത്‌ ഇതിനകം കത്തിജ്ജ്വലിച്ചിരുന്നെങ്കില്‍!” (ലൂക്കാ 12:49).

അഗ്നിയെ വിശുദ്ധ ഗ്രന്ഥത്തിൽ, പഴനിയമത്തിൽ “നശീകരണ-ശക്തിയായും” (Destructive Force) പുതിയ നിയമത്തിൽ “ശുദ്ധീകരണ-ശക്തിയായും” (Purifying Force) അവതരിപ്പിക്കുന്നു. ഉദാഹരണത്തിന്,  പാപം നിറഞ്ഞ സോദോം – ഗൊമോറ നഗരങ്ങളെ തീയും ഗന്ധകവും അയച്ച് ദൈവം നശിപ്പിക്കുന്നു (ഉൽ. 19:24), മരുഭൂമി യാത്രയിൽ തനിക്കെതിരെ തിരിഞ്ഞവരെ ദഹിപ്പിക്കാനായി ദൈവം അയച്ച പത്തു മഹാമാരികളിൽ ഏഴാമത്തേത് തീ ആയിരുന്നു (പുറ. 9:13-35).  അതുപോലെ, വിജാതീയ വിഗ്രഹമായ  ബാലിന്റെ പുരോഹിതർക്കെതിരെയുള്ള ദൈവശക്തി പരീക്ഷണത്തിൽ ബലിവസ്തുക്കൾ ദഹിപ്പിക്കാനായി ഏലിയാ പ്രവാചകൻ സ്വർഗ്ഗത്തിൽ നിന്നും അഗ്നി വിളിച്ചിറക്കുന്നു (1 രാജ. 18:25).

എന്നാൽ പുതിയ നിയമത്തിൽ തീയ് സകലത്തെയും നവീകരിക്കുന്ന പരിശുദ്ധാത്മാവിന്റെ പ്രതീകമാണ്. പെന്തക്കുസ്താ തിരുനാളിൽ പരിശുദ്ധാത്മാവ് തീനാവുകളുടെ രൂപത്തിലാണ് ശിഷ്യരുടെമേല്‍ എഴുന്നള്ളിവന്നത് (അപ്പ. 2:3). സ്നാപകയോഹന്നാൻ സൂചിപ്പിക്കുന്ന ജലത്താലും അഗ്നിയാലുമുള്ള മാമ്മോദീസ പരിശുദ്ധാത്മാവിന്റെ സ്വീകരണത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത് (മത്തായി 3:11).

യേശു ഭൂമിയിൽ ഇട്ട തീയ് പരിശുദ്ധാത്മാവാണ്. ആ തീയാലാണ് അവിടുന്ന് ലോകത്തെ വിശുദ്ധീകരിച്ചതും തിരുസഭ ഇന്ന് കൂദാശകളിലൂടെ സഭാമക്കളെ വിശുദ്ധീകരിക്കുന്നതും. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.