ലത്തീൻ ആഗസ്റ്റ് 24 യോഹ. 1: 45-51 (വി. ബർത്തോലോമിയായുടെ തിരുനാൾ) നിഷ്കപടത

“നഥാനിയേല്‍ തന്റെ അടുത്തേയ്ക്ക് വരുന്നതുകണ്ട്‌ യേശു അവനെപ്പറ്റി പറഞ്ഞു: ഇതാ, നിഷ്‌കപടനായ ഒരു യഥാര്‍ഥ ഇസ്രായേല്‍ക്കാരന്‍!” (യോഹ. 1:47).

ബൈബിൾ പണ്ഡിതരുടെ അഭിപ്രായത്തിൽ, യേശുവിനെ രാത്രിയിൽ വന്നു സന്ദർശിക്കുന്ന നഥാനിയേൽ ആണ് പന്ത്രണ്ട് ശിഷ്യരുടെ ഗണത്തിൽ ഒരുവനായ ബർത്തലോമിയോ. ഇന്നത്തെ കിഴക്കൻ തുർക്കിയുടെ ഭാഗമായിരുന്ന അൽബാനോപോളിസിൽ വച്ച് ജീവനോടെ ചർമ്മം ഉരിഞ്ഞുമാറ്റപ്പെട്ട ശേഷം കുരിശിൽ തറയ്ക്കപ്പെട്ടു രക്തസാക്ഷിയായി മരിച്ചു എന്നാണ് ബർത്തലോമിയോയെക്കുറിച്ചുള്ള ചരിത്രം.

ഇതാ നിഷ്കപടനായ ഒരു ഇസ്രായേൽക്കാരൻ എന്നാണ് നഥാനിയേലിനെ അഥവാ ബർത്തലോമിയായെ യേശു വിശേഷിപ്പിക്കുന്നത്. “നിഷ്കപടത” എന്നത്  ആത്മാർത്ഥതയുടെയും നൈർമ്മല്യത്തിന്റെയും പ്രകാശനമാണ്. നഥാനിയേലിലൂടെ വെളിപ്പെടുത്തപ്പെട്ട ആത്മാർത്ഥതയും നൈർമ്മല്യതയും ക്രിസ്തുശിഷ്യരെ ദൈവമക്കളാക്കുന്ന സുകൃതങ്ങളാണ്. മൂന്ന് സത്യങ്ങൾ ഈ നഥാനിയേലിന്റെ “നിഷ്കപടതയുടെ” മാതൃകയിലൂടെ വെളിപ്പെടുത്തുന്നുണ്ട്.

1. ദൈവമക്കളുടെ ആന്തരിക-ബാഹ്യ വ്യാപാരങ്ങൾ പരസ്പരം പൊരുത്തമുള്ളതാകണം.

2. മറ്റുള്ളവർക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന അടയാളങ്ങൾ ആകരുത്.  ഉദാ: പുറമേ സുസ്മേരവദനത  കാണിച്ച് ഉള്ളിൽ അമർഷം കാത്തുസൂക്ഷിക്കരുത്.

3. പുറമേ വിശുദ്ധിയുടെ ചട്ടക്കൂടണിഞ്ഞ് അകമേ ക്രൂരത കാണിക്കരുത്.

നിഷ്കപടതയുടെ അടിസ്ഥാനങ്ങളായ ആത്മാർത്ഥതയും നൈർമ്മല്യതയും ദൈവമക്കളുടെ അസ്ഥിത്വത്തെ നിർവചിക്കുന്ന അടിസ്ഥാനങ്ങളാണ് എന്ന് വി. ബർത്തലോമിയായുടെ ജീവിതം സാക്ഷിക്കുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.