ലത്തീൻ ആഗസ്റ്റ് 09 (ഞായർ) മത്തായി 14: 22-33 വിശ്വാസാധിഷ്ഠിത നടത്തം

“പത്രോസ്‌ വഞ്ചിയില്‍ നിന്നിറങ്ങി വെള്ളത്തിനു മുകളിലൂടെ യേശുവിന്റെ അടുത്തേയ്ക്കു നടന്നുചെന്നു” (മത്തായി 14:29).

✝ദൈവത്തിൽ ആശ്രയവും വിശ്വാസവുമുള്ള ഒരു വ്യക്തിക്ക് നൽകപ്പെടുന്ന ഏറ്റവും ശ്രേഷ്ഠമായ അനുഗ്രഹമെന്നത് ജീവിതത്തിലുണ്ടാകുന്ന പ്രക്ഷുബ്‌ധഭരിതമായ നിമിഷങ്ങളെ ആയാസരഹിതമായി നേരിട്ട് മുന്നോട്ട് നടന്നുനീങ്ങുന്നതിനുള്ള കൃപയാണ്. ജീവിതപ്രതിസന്ധികളെ വിശ്വാസശക്തിയാൽ നേരിടുന്ന കഥാപാത്രങ്ങളെയാണ് ഇന്നത്തെ വിശുദ്ധഗ്രന്ഥ വായനകൾ അവതരിപ്പിക്കുന്നത്.

രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നുള്ള ഒന്നാം വായന (1 രാജാ. 19:9a; 11-13a), ദുഷ്ടതയുടെ പര്യായമായ ജസബൽ രാജ്ഞി ഉയർത്തിയ കൊലവിളിയെ വിശ്വാസശക്തിയാൽ ഏലിയാ പ്രവാചകൻ എപ്രകാരം തരണം ചെയ്തു എന്നതിന്റെ വിവരണമാണ്. രാഞ്ജിയുടെ 450 വ്യാജപ്രവാചകന്മാരെ സ്വർഗ്ഗത്തിൽ നിന്ന് അഗ്നിയിറക്കി ദഹിപ്പിച്ചത് ഇസ്രായേൽ ജനതയെ ദൈവത്തിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതിന് ഇടയാക്കുകയും തത്ഫലമായി രാഞ്ജിയുടെ ക്രൂരനായ ഭർത്താവ് ആഹാബ് രാജാവ് പ്രവാചകനെ കൊല്ലാനായി പദ്ധതി ഇടുകയും ചെയ്തു. ജീവനെ ഭയന്ന് നാല്പതു രാവും നാല്പതു പകലും തുടരെ യാത്ര ചെയ്ത് ഹോറെബ് മലയിലെ ഗുഹയിൽ അഭയം തേടുന്ന പ്രവാചകൻ, ഒരു  ഭൂകമ്പശേഷമുണ്ടായ അഗ്നിയിൽ നിന്നുമുണ്ടായ മൃദുസ്വരത്തിൽ ശ്രവിച്ച ദൈവികസ്വരം നൽകിയ വിശ്വാസശക്തിയിൽ തന്റെ  പ്രവാചകദൗത്യം തുടരുന്നു.

രണ്ടാം വായനയിൽ (റോമാ 9:1-5) തന്റെ സഹോദരങ്ങളായ യഹൂദർ, ക്രിസ്തുവിനെ മിശിഹായായി സ്വീകരിക്കാത്തതിനെക്കുറിച്ചുള്ള തീവ്രദുഃഖവും ഹൃദയത്തിലെ അടങ്ങാത്ത വേദനയും (റോമാ 9:2) തന്റെ അപ്പോസ്തോലിക ജീവിതത്തിൽ കൊടുങ്കാറ്റിനു തുല്യം പ്രക്ഷുബ്‌ധതമാകുമ്പോൾ വിശ്വാസശക്തിയാൽ ഹൃദയത്തിലുള്ള ക്രിസ്തുസാന്നിധ്യാനുഭവം നൈരാശ്യകുഴിയിൽ വീഴാതെ സംരക്ഷിക്കുന്നതായി വിവരിക്കുന്നു. സുവിശേഷ വായനയിൽ (മത്തായി 14:22-33)  കൊടുങ്കാറ്റിൽ ആടിയുലയുന്ന വഞ്ചിയെ പത്രോസും കൂട്ടരും തങ്ങളുടെ അപ്പസ്തോലിക ദൗത്യനിർവ്വഹണത്തിൽ നേരിടാൻ പോകുന്ന പ്രതിസന്ധികളുടെ പ്രതീകമായി എടുക്കാം.

ജലത്തിനു മുകളിൽ കൂടിയുള്ള പത്രോസിന്റെ നടപ്പിനെ രണ്ട് ഘട്ടങ്ങളായി കാണാം.

1. വിശ്വാസാധിഷ്ഠിത നടത്തം (Walking by Faith):-  ഈ ഘട്ടത്തിൽ പത്രോസിന്റെ, ജലത്തിനു മുകളിൽക്കൂടിയുള്ള നടപ്പിനെ, അസാധ്യകാര്യങ്ങളെ ദൈവവിശ്വാസത്താലും ആശ്രയത്താലും  സാധ്യതകളാക്കാൻ സാധിക്കുന്നതിന്റെ  പ്രതീകമാണ്.

2. ദൃശ്യാധിഷ്ഠിത നടത്തണം (Waking by Sight):-  ഈ ഘട്ടത്തിൽ ഏതാനും നിമിഷം പത്രോസിന്റെ  ക്രിസ്തുവിലുള്ള ശ്രദ്ധ ഭയത്താൽ ദുർബലമാക്കുകയും തിരമാലകളിലേയ്ക്ക് തിരിയുകയും ചെയ്യുമ്പോൾ അവൻ ജലത്തിലേയ്ക്ക് മുങ്ങുന്നു. പ്രതിസന്ധികൾക്കിടയിലും ക്രിസ്‌തുവിൽ ദൃഷ്‌ടി കേന്ദ്രികരിച്ചു യാത്ര ചെയ്യുന്ന ക്രൈസ്തവന് ക്ലേശങ്ങൾക്കു മുകളിലൂടെ പ്രത്യാശയോടെ നടന്നുനീങ്ങാൻ സാധിക്കും.

ഞെരുക്കങ്ങളിൽ പേടിച്ചുവിറയ്ക്കുന്ന നിമിഷങ്ങളിൽ പത്രോസിനെപ്പോലെ ദൈവകരങ്ങളാൽ എഴുന്നേൽക്കാനായി കൈകൾ ഉയർത്തുക. എഴുന്നേൽക്കുമ്പോൾ ജീവിതപ്രതിസന്ധികൾ എന്നെ ദൈവത്തോട് കൂടുതൽ അടുപ്പിക്കുന്നതായി തിരിച്ചറിയാൻ സാധിക്കും. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.