ലത്തീൻ ഏപ്രിൽ 03 യോഹ. 10: 31-42 ലക്ഷ്യം ദൈവമഹത്വം

“നിങ്ങൾ എന്നെ വിശ്വസിച്ചില്ലെങ്കിലും എന്റെ പ്രവർത്തികളെ വിശ്വസിക്കുവിൻ “(വാക്യം 38). ഞാനും എന്റെ പിതാവും ഒന്നാണ് ” എന്നു പറഞ്ഞതിന് യേശു തന്നെത്തന്നെ ദൈവത്തോട് തുല്യപ്പെടുത്തി എന്നാരോപിച്ച് യഹൂദർ അവനിൽ ദൈവദൂഷണക്കുറ്റം ചുമത്തി കല്ലെറിയാൻ ശ്രമിക്കുന്നു. അവൻ സത്യമല്ല പറയുന്നതെങ്കിൽ തീർച്ചയായും ദൈവദൂഷണമാണ് പറയുന്നത്. പക്ഷേ, അവൻ ദൈവപുത്രനായതിനാൽ ദൈവത്തിൽ നിന്നും വരുന്നുവെന്നത് സത്യമാണ്.

കപടശുശ്രൂഷകർ പൊതുജനശ്രദ്ധ പിടിച്ചുപറ്റുക എന്ന നിഗൂഢലക്ഷ്യത്തോടെ ശുശ്രൂഷകൾ ചെയ്യുന്നു. അവർ ശ്രദ്ധാര്‍ഹമായ കാര്യങ്ങൾ ചെയ്യുന്നുവെങ്കിലും അവസാനത്തിൽ അവരുടെ പ്രവർത്തനങ്ങളുടെ ലക്ഷ്യം തങ്ങളുടെ തന്നെ മഹത്വമാണ്. യേശു തന്റെ പരസ്യശുശ്രൂഷയിൽ ഒരിക്കലും തന്റെ മഹത്വം തേടാതെ പിതാവിന്റെ മഹത്വം മാത്രം തേടി. അതുകൊണ്ടാണ് തന്നിൽ വിശ്വസിച്ചില്ലെങ്കിലും തന്റെ പ്രവർത്തികളിൽ വിശ്വസിക്കാൻ യേശു ആഹ്വാനം ചെയ്യുന്നത് (വാക്യം 38).

യാഥാർത്ഥ ദൈവമക്കൾ മറ്റുള്ളവരുടെ ശ്രദ്ധ തങ്ങളിൽ നിന്നും അകറ്റി ദൈവത്തിങ്കലേയ്ക്ക് തിരിക്കുന്നു. നമ്മുടെ ദൈവശുശ്രൂഷകളുടെ ആത്യന്തികലക്ഷ്യം ദൈവമഹത്വമാകട്ടെ. ഇതുകൊണ്ടാണ് ആത്മപരിത്യാഗത്തിന്റെ പരിശീലനം ശിഷ്യത്വത്തിന്റെ  അടിസ്ഥാനപാഠമായി യേശു നൽകിയത്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ