ലത്തീൻ ഫെബ്രുവരി 17 മർക്കോ. 8: 11-13 ആത്മീയദീനം

ഫരിസേയര്‍ വന്ന്‌ അവനുമായി തര്‍ക്കിക്കാന്‍ തുടങ്ങി.അവര്‍ അവനെ പരീക്ഷിച്ചുകൊണ്ട്‌ സ്വര്‍ഗത്തില്‍ നിന്ന്‌ ഒരു അടയാളം ആവശ്യപ്പെട്ടു (മര്‍ക്കോ. 8:11). ആത്മാവിനെ ബാധിക്കുന്ന ഏഴ് മൂലപാപങ്ങളിലൊന്നാണ് അസൂയ. ഇതു മൂലമാണ് ഫരിസേയർ അടയാളം അന്വേഷിക്കുന്നത്.

ആബേലിന്റെ അർപ്പണം, തന്റേതിനെക്കാൾ ദൈവത്തിന് കൂടുതൽ സ്വീകാര്യമായപ്പോൾ കായേന്റെ ഹൃദയത്തിൽ അസ്വസ്ഥതയും അസൂയയും ഉടലെടുക്കുന്നു (ഉൽ 4:1-5, 25). അതുപോലെ യേശുവിന്റെ ചലനാത്മകവും വിജയകരവുമായ പരസ്യജീവിതം ഫരിസേയരുടെ ഹൃദയത്തിൽ അസൂയയും അസ്വസ്ഥതയും സൃഷ്ടിക്കുന്നു. രോഗസൗഖ്യങ്ങൾ, മരിച്ചവരെ ഉയിർപ്പിക്കൽ, അപ്പം വർദ്ധിപ്പിക്കല്‍ തുടങ്ങിയ യേശുവിന്റെ അനിതരസാധാരണമായ അത്ഭുതങ്ങളെക്കുറിച്ച് അറിവില്ലാഞ്ഞിട്ടല്ല. മറിച്ച്, അവനോടുള്ള അസൂയ മൂലമാണ് അവർ തങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കുന്നതും അടയാളം അന്വേഷിക്കുന്നതും.

അസൂയ എന്ന മൂലപാപം മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധത്തെ കഠിനമായി ബാധിക്കുന്നു എന്നു മാത്രമല്ല, മറ്റുള്ളവരിലൂടെ വെളിപ്പെടുത്തപ്പെടുന്ന ദൈവീകനന്മകളെ തിരസ്കരിക്കുന്നതുമൂലം ദൈവവുമായുള്ള ബന്ധത്തിൽ ആഴമായ കുറവുകളും സൃഷ്ടിക്കുന്നു. മറ്റുള്ളവരുടെ വളർച്ചയിലും നന്മയിലും മനസ്സിൽ അസ്വസ്ഥത ജനിക്കുന്നതും അവരുടെ വീഴ്ചകളിൽ ആനന്ദിക്കുന്ന പ്രവണതയുള്ളതും  അസൂയ എന്ന മൂലപാപത്തിന്റെ ലക്ഷണങ്ങളാണ്.

മറ്റുള്ളവരുടെ വിജയനിമിഷങ്ങൾ ദൈവസ്നേഹത്തിന്റെ  അത്ഭുതങ്ങളാകയാൽ, മറ്റുള്ളവരുടെ വിജയത്തിലും നന്മയിലും ആനന്ദിക്കുക എന്നത് ആത്മീയ ആരോഗ്യത്തിന്റെ ലക്ഷണമാണ്. ആമ്മേൻ

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ