ലത്തീൻ ജനുവരി 25 മർക്കോ. 16: 15-18 സൃഷ്ടിയോന്മുഖ സുവിശേഷം 

“അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍” (മര്‍ക്കോ. 16:15).

“സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ” എന്ന ക്രിസ്തുനാഥന്റെ  ആഹ്വാനം മനുഷ്യരോടു മാത്രമല്ല മറിച്ച്, ദൈവത്താൽ സൃഷ്ടിക്കപ്പെട്ട പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളോടും സസ്യങ്ങളോടും പക്ഷികളോടും  പ്രപഞ്ചത്തോടു തന്നെയും സുവിശേഷം പ്രസംഗിക്കുക എന്ന വിശാലമായ  അർത്ഥത്തിൽ മനസ്സിലാക്കാവുന്നതാണ്. അതായത് മനുഷ്യരോടെന്ന പോലെ ഒരു പക്ഷിയോടോ, സസ്യത്തോടോ വാചികമായി സുവിശേഷം പ്രസംഗിക്കുക എന്നല്ല ഇതിനർത്ഥം. സൃഷ്ടിയുടെമേൽ മനുഷ്യന് നൽകിയിരിക്കുന്ന അധികാരം  ദുരുപയോഗിക്കാതെ അവയുടെ വിശ്വസ്തരായ കാര്യസ്ഥൻ ആയിരിക്കുക എന്നതാണ് ഇതിന് അർത്ഥം.

മനുഷ്യന് ദൈവം സൃഷ്ടിയിൽ നൽകിയ സാർവജനീന ഭവനമായ ഭൂമിയെ ഹരിതാഭമാക്കാൻ നടത്തുന്ന പ്രവർത്തനങ്ങളും ജീവജാലങ്ങളെ സംരക്ഷിക്കുന്നതും ഉൾപ്പെടെ ദൈവസൃഷ്ടിയുടെ പരിപോഷണത്തിനും വളർച്ചയ്ക്കുമായി ചെയ്യുന്ന എന്തും വിശാലമായ അർത്ഥത്തിൽ സുവിശേഷപ്രഘോഷണമായി കാണാവുന്നതാണ്, ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ