ലത്തീൻ ഡിസംബർ 08 മത്തായി 3: 1-12 (ഞായർ) ആഗമന മാതൃക

ഇവനെപ്പറ്റിയാണ്‌ ഏശയ്യാ പ്രവാചകന്‍ വഴി ഇങ്ങനെ അരുളിച്ചെയ്യപ്പെട്ടത്‌: മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്‌ദം – കര്‍ത്താവിന്റെ വഴിയൊരുക്കുവിന്‍; അവന്റെ പാതകള്‍ നേരേയാക്കുവിന്‍ (മത്തായി 3:3).

രക്ഷകന്റെ ജനനത്തിനായുള്ള ആത്മീയ ഒരുക്കത്തിന്റെ ആഗമനകാലത്തിൽ ഒരുക്കത്തിന്റെ ഉദാത്തമാതൃകയായി സ്നാപകനെ, ആഗമനകാലം രണ്ടാമത്തെ ഞായറാഴ്ച സുവിശേഷം ഉയർത്തിക്കാട്ടുന്നു.

“അനുതാപത്തിന്റെ മാമ്മോദീസ പ്രഘോഷണം” “ജീവിത മാതൃക” എന്നീ രണ്ടു വഴികളിലൂടെയാണ് സ്നാപകയോഹന്നാൻ തന്നെത്തന്നെയും ഒരു രാഷ്ട്രത്തെ തന്നെയും രക്ഷയുടെ വരവിനായി ഒരുക്കിയത്.

1. അനുതാപത്തോടെ മാമ്മോദീസ പ്രഘോഷണം (Preaching of Baptism of Repentance): യോഹന്നാന്റെ ശക്തമായ പ്രഘോഷണത്താൽ പ്രേരിതരായി യോര്‍ദ്ദാന്‍ നദിയിലേയ്ക്ക്‌ എത്തിച്ചേർന്നവർക്കായി അവൻ നൽകിയ ജലസ്നാനം  അർത്ഥികൾക്കായി അവൻ നിഷ്കർഷിച്ച ആന്തരിക പരിവർത്തനത്തിന്റെ  ബാഹ്യമായ പ്രകടനമായിരുന്നു. സ്വന്തം പാപങ്ങളെ കണ്ടെത്തുന്നതിലൂടെയും അവയെക്കുറിച്ചുള്ള അനുതാപത്തിലൂടെയുമാണ് രക്ഷകന്റെ ജനത്തിനായുള്ള ആത്മീയ ഒരുക്കം നമുക്ക് സാധിക്കുക എന്ന് യോഹന്നാന്റെ മാതൃക ഓർമ്മപ്പെടുത്തുന്നു.

2. ജീവിത മാതൃക (Life and Example): ഇസ്രായേലിന്റെ എല്ലാ മേഖലകളിൽ നിന്നും കോണുകളിൽ നിന്നും അനേകരെ തന്നിലേയ്ക്ക്‌ ആകർഷിക്കാൻ തക്കവിധം അത്രമാത്രം ശക്തമായിരുന്നു യോഹന്നാന്റെ ജീവിതമാതൃകയും വാക്കുകളും. മൂന്ന് വഴികളിലൂടെയാണ് അവന്റെ ജീവിതസാക്ഷ്യത്തിന്റെ ശക്തി അവൻ ഇസ്രായേൽ വെളിപ്പെടുത്തിയത്.

a. കഠിന നിഷ്ഠയും ആധികാരികതയും (Austerity &Authenticity): അവന്റെ വസ്ത്രധാരണത്തിലും ഭക്ഷണക്രമത്തിലും കഠിന നിഷ്ഠയുടെ ജീവിതശൈലി പ്രകടമാകുന്നു. “യോഹന്നാന്‍ ഒട്ടകരോമം കൊണ്ടുള്ള വസ്‌ത്രവും അരയില്‍ തോല്‍വാറും ധരിച്ചിരുന്നു. വെട്ടുക്കിളിയും കാട്ടുതേനുമായിരുന്നു അവന്റെ ഭക്ഷണം” (മത്തായി 3:4). ലളിതവുംഭക്തി പരിതവുമായ ജീവിതശൈലിയിലൂടെ രക്ഷകനെ വരവിനായി എല്ലാവരെയും അവൻ ഒരുക്കി.

b. എളിമ (Humility): തന്റെ അടുക്കലേയ്ക്ക് നടക്കുന്ന ക്രിസ്തുവിനെക്കുറിച്ച് അവൻ നൽകിയ സാക്ഷ്യത്തിൽ അവന്റെ എളിമ വെളിപ്പെടുത്തപ്പെടുന്നു. “എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ശക്തന്‍; അവന്റെ ചെരിപ്പു വഹിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല; അവന്‍ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങളെ സ്‌നാനപ്പെടുത്തും. വീശുമുറം അവന്റെ കൈയിലുണ്ട്‌” (മത്തായി 3:11). മഹത്വത്തിന്റെയും പ്രശസ്തിയുടെയും കൊടുമുടിയിൽ നിൽക്കുമ്പോഴും, ജനം യോഹന്നാൻ തന്നെയാണ് ക്രിസ്തു എന്ന് ധരിച്ചിരിക്കുമ്പോഴുമാണ് യോഹന്നാൻ ഇപ്രകാരം തന്നെത്തന്നെ എളിമപ്പെടുത്തി ക്രിസ്തുവിൻറെ വരവിനായി വഴിമാറി കൊടുക്കുന്നത്.

c. തീക്ഷ്ണത (Zeal): “പിതാക്കന്മാരുടെ ഹൃദയങ്ങളെ മക്കളിലേയ്ക്കും അനുസരണമില്ലാത്തവരെ നീതിമാന്മാരുടെ വിവേകത്തിലേയ്ക്കും തിരിച്ചുവിടാനും സജ്ജീകൃതമായ ഒരു ജനത്തെ കര്‍ത്താവിനു വേണ്ടി ഒരുക്കാനും ഏലിയായുടെ ചൈതന്യത്തോടും ശക്തിയോടും കൂടെ അവന്‍ കര്‍ത്താവിന്റെ മുമ്പേ പോകും”(ലൂക്കാ 1:17) എന്ന് ശിശുവായ യോഹന്നാനെ കരങ്ങളിലെടുത്തുള്ള ശിമയോന്റെ പ്രവചനം പൂർത്തിയാകുന്നത് ഹേറോദേസിന്റെ കൊട്ടാരത്തിൽ അവന്റെ സഹോദരഭാര്യയായ ഹേറോദിയായുമായുള്ള അവിഹിതബന്ധത്തെ ഓർമ്മപ്പെടുത്തുമ്പോൾ, സ്വന്തം ശിരസ്ഛേദനം വരെ ഏത്തുമ്പോൾ അതിലൂടെ വെളിപ്പെടുത്തപ്പെടുന്നത് മിശിഹായോടുള്ള അവന്റെ കെടാത്ത തീക്ഷ്ണതയാണ്.

സന്ദേശകൻ തന്നെ സന്ദേശമായി സാക്ഷ്യം നൽകുന്നതാണ് യോഹന്നാന്റെ ജീവിതം. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ