ലത്തീൻ നവംബർ 18 ലൂക്കാ 18: 35-43 വിശ്വാസ നിശബ്‌ദീകരണം

മുമ്പേ പൊയ്‌ക്കൊണ്ടിരുന്നവര്‍, നിശബ്‌ദനായിരിക്കാന്‍ പറഞ്ഞ്‌ അവനെ ശകാരിച്ചു. അവനാകട്ടെ, കൂടുതല്‍ ഉച്ചത്തില്‍ “ദാവീദിന്റെ പുത്രാ, എന്നില്‍ കനിയണമേ” എന്ന് നിലവിളിച്ചു കൊണ്ടിരുന്നു (ലൂക്കാ 18:39).

ദാവീദിന്റെ പുത്രാ, എന്നിൽ കനിയണമേ…” എന്ന് വിശ്വാസപൂർവ്വം വിളിച്ചപേക്ഷിക്കുന്ന അന്ധനോട് നിശബ്ദനായിരിക്കാൻ ശാസിക്കുന്ന ജനക്കൂട്ടം,  ലോകത്ത് വിശ്വാസം ജീവിച്ച്‌ ഏറ്റുപറയുന്നവരുടെ വിശ്വാസത്തെ  നിശബ്ദീകരിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന ദൈവത്യാഗ-ലൗകീക ലോകത്തിന്റെ പ്രതിനിധികളാണ്.

സമൂഹത്തിലെ ബഹുജനാഭിപ്രായവും, തിരസ്കരണ ഭയങ്ങളും, വ്യക്തിതാല്‍പര്യങ്ങളും ക്രിസ്തീയവിശ്വാസത്തിന് സാക്ഷ്യം വഹിക്കുന്നതിന് തടസമാകുമ്പോൾ ഒരർത്ഥത്തിൽ നമ്മുടെ വിശ്വാസവും നിശബ്ദീകരിക്കപ്പെടുകയാണ്.

പ്രതിബന്ധങ്ങളെ തരണം ചെയ്ത് വിശ്വാസം പ്രഖ്യാപനം ചെയ്യുന്ന അന്ധൻ ജീവിച്ച്, പങ്കുവയ്ക്കപ്പെട്ട്, പ്രഘോഷിക്കപ്പെട്ട്, പരിരക്ഷിക്കപ്പെടുന്ന വിശ്വാസത്തിന്റെ മൂർത്തീകരണമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ