ലത്തീൻ നവംബർ 14: ലൂക്കാ 17:20-25 അദൃശ്യസത്യം

ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ത്തന്നെയുണ്ട്‌. (ലൂക്കാ 17: 21)

സാരവത്തായത് നേത്രങ്ങൾക്ക് അദൃശ്യം” എന്ന ചൊല്ലിന്റെ പ്രതിധ്വനി സാരവത്തായത് ഹൃദയത്തിന് ദൃശ്യം എന്നാണ്.

യേശു പഠനങ്ങളുടെ സാരസത്തയാണ് ദൈവരാജ്യം. ദൈവരാജ്യത്തിന്റെ ആഗമനം ശക്തമായ അടയാളങ്ങളോടും അത്ഭുതങ്ങളോടും കൂടെയായിരിക്കും എന്ന് യേശുവിന്റെ സമകാലികർ വിശ്വസിച്ചിരുന്നു. എന്നാൽ രോഗികൾക്ക് സൗഖ്യം, ബന്ധിതർക്ക് മോചനം, പാപികൾക്ക് മോചനം തുടങ്ങിയ തന്റെ രക്ഷാകര പ്രവർത്തനങ്ങളിലെല്ലാം വെളിപ്പെടുത്തപ്പെടുന്നത് ദൈവത്തിന്റെ ഭരണമാണ്. ചുരുക്കത്തിൽ യേശു ദൈവരാജ്യത്തിന്റെ പൂർത്തീകരണമാണ്.

അതിനാൽ ദൈവാരാജ്യമെന്നത് ഒരു ഐഹിക-ഭൗമിക സത്യമല്ല, ആത്മീയ സത്യമാണ്. ദൈവം മനുഷ്യ ഹൃദയത്തിൽ രാജാവായി വാഴുന്ന ആന്തരീകാവസ്ഥയാണിത്. ദൈവത്തിന്റെ സ്നേഹത്തിനും,  മഹത്വത്തിനും,  പരിപാലനക്കും സമർപ്പിക്കപെട്ടിട്ടുള്ള ഏതൊരു മനുഷ്യഹൃദയത്തിലും ദൈവാരാജ്യമുണ്ട്.

അതായത്, ദൈവിക സ്വഭാവങ്ങളായ  നിരുപാധിക സ്നേഹം, അപരിമിത ക്ഷമ, നിരന്തര കാരുണ്യം എന്നിവ മനുഷ്യരിലൂടെ പ്രത്യക്ഷമാകുന്നിടം ദൈവാരാജ്യമാണ്.  ആമ്മേൻ.

ഫാ.  ജെറി വള്ളോംകുന്നേൽ MCBS,  സത്താറാ