ലത്തീൻ നവംബർ 08 ലൂക്കാ 16: 1-8 ആത്മീയ കൗശലത്വം

കൗശലപൂര്‍വ്വം പ്രവര്‍ത്തിച്ചതിനാല്‍ നീതിരഹിതനായ കാര്യസ്ഥനെ യജമാനന്‍ പ്രശംസിച്ചു (ലൂക്കാ 16:8).

അവിശ്വസ്തനായ കാര്യസ്ഥനെ ക്രിസ്തുശിഷ്യത്വത്തിന്റെ മാതൃകയായി സുവിശേഷം അവതരിപ്പിക്കുന്നത് അവന്റെ അവിശ്വസ്തതയുടെ അടിസ്ഥാനത്തിലല്ല. മറിച്ച്, അവന്റെ ബുദ്ധികൂർമ്മതയുടെയും സർഗ്ഗവൈഭവത്തിന്റെയും അടിസ്ഥാനത്തിലാണ്. യജമാനൻ തന്നിൽ നിന്നും കാര്യസ്ഥത എടുത്തുനീക്കാൻ പോകുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോൾ തന്റെ കൂർമ്മബുദ്ധിയിൽ യജമാനന്റെ കടക്കാരുടെ കടപ്പത്രങ്ങളിൽ തിരുത്തൽ വരുത്തുക വഴി, മറ്റൊരു അവിശ്വസ്തതയുടെ പ്രവർത്തിയിലൂടെ അവരുടെ പിന്തുണ ഉറപ്പ് വരുത്തുകയാണ്.

ഈ ലോകത്തിന്റെ മക്കൾ അവിശ്വസ്തതയുടെ മാർഗ്ഗത്തിലൂടെ ഭൗതീകഭാവി ഉറപ്പു വരുത്താൻ പരിശ്രമിക്കുമ്പോൾ പ്രകാശത്തിന്റെ മക്കളായ ക്രിസ്തുശിഷ്യർ  ആത്മീയഭാവിയായ നിത്യത കൈവശപ്പെടുത്താൻ എത്രമാത്രം വിവേകത്തോടെ ജീവിക്കേണ്ടിയിരിക്കുന്നു. ഈ ലോകത്തോടും വസ്തുക്കളോടും ചില വ്യക്തികൾ,  തത്വശാസ്ത്രങ്ങൾ തുടങ്ങിയവയുമായുള്ള വിവേകപൂർവ്വകമുള്ള ബന്ധം ആത്മീയഭാവി (നിത്യത) ഉറപ്പു വരുത്തുന്നതിന് അത്യാവശ്യമാണ്. ഭൗമീകർക്ക് കൗശലത്വം ലൗകീക സുരക്ഷാമാർഗ്ഗമെങ്കിൽ സ്വർഗീയർക്കത് നിത്യരക്ഷാ വഴിയും. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.