ലത്തീൻ ഒക്ടോബർ 31 ലൂക്കാ 13: 31-35 അലൗകിക ധൈര്യം

അവന്‍ പറഞ്ഞു: “നിങ്ങള്‍ പോയി ആ കുറുക്കനോടു പറയുവിന്‍: ഞാന്‍ ഇന്നും നാളെയും പിശാചുക്കളെ പുറത്താക്കുകയും രോഗശാന്തി നല്‍കുകയും ചെയ്യും. മൂന്നാം ദിവസം എന്റെ ദൗത്യം ഞാന്‍ പൂര്‍ത്തിയാക്കിയിരിക്കും” (ലൂക്കാ 13:32).

പിതാവ് തന്നെ ഏൽപ്പിച്ച രക്ഷാകരദൗത്യം കുരിശിലെ ബലിയിൽ  നിവർത്തിക്കപ്പെടേണ്ടതിനായി യേശു ജെറുസലേമിനെ ലക്ഷ്യമാക്കി യാത്ര ചെയ്യുമ്പോൾ അവനോട് മനസ്സിൽ ആദരവ് ഉണ്ടായിരുന്ന ഒരു ഫരിസേയൻ,  ഹേറോദേസ് വഴിയിൽ വച്ച് അവനെ കൊലപ്പെടുത്താനായി പദ്ധതിയിട്ടിരുന്നതായി അറിയിക്കുന്നു. എന്നാൽ, “എങ്കിലും ഇന്നും നാളെയും മറ്റന്നാളും ഞാന്‍ എന്റെ യാത്ര തുടരേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, ജറുസലേമിനു പുറത്തു വച്ച്‌ ഒരു പ്രവാചകന്‍ നശിക്കുക സാധ്യമല്ല” (ലൂക്കാ 13:33) എന്ന പ്രഖ്യാപനത്തിലൂടെ ഒരു ബാഹ്യശക്തിക്കും, പ്രലോഭനങ്ങൾക്കും, ഭീഷണികൾക്കും, മരണത്തിനു പോലും തൻറെ ദൗത്യത്തിൽ നിന്നും തന്നെ പിന്തിരിപ്പിക്കുവാൻ സാധിക്കുകയില്ല എന്ന് ഈശോ സൂചിപ്പിക്കുകയാണ്.

തിന്മയുടെ അവതാരമായ ഹേറോദേസിനെ ‘കുറുക്കൻ’ എന്നു വിളിച്ച്, തന്റെ ദൗത്യം താൻ പൂർത്തിയാക്കും എന്നറിയിക്കാൻ യേശു ആവശ്യപ്പെടുന്നത് അവന്റെ  അലൗകിക ധൈര്യത്തിന്റെ പ്രകാശനമാണ്. ദൈവത്തിൽ ആശ്രയിച്ച് ദൈവേഷ്ടപ്രകാരം ജീവിക്കാൻ പരിശ്രമിക്കുന്ന എല്ലാവരുടെയും ജീവിതത്തിൽ  പൈശാചിക ശക്തികളുടെ ശക്തമായ എതിർപ്പ് നേരിടേണ്ടിവരും. അതിനാൽ പൗലോസ് ശ്ലീഹ ഓർമ്മപ്പെടുത്തുന്നതു പോലെ, “അവസാനമായി കര്‍ത്താവിലും അവിടുത്തെ ശക്തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകേണ്ടിയിരിക്കുന്നു”(എഫേ 6:10). അതിനാല്‍ ദൈവത്തെ കവചമാക്കി, ദൈവ വചനമാകുന്ന വാളെടുത്ത്‌,  വിശ്വാസത്തിന്റെ പരിചയെടുത്ത്, രക്ഷയുടെ പടത്തൊപ്പി അണിഞ്ഞു ക്രൈസ്തവർ ജീവിക്കേണ്ടിയിരിക്കുന്നു.

ആത്മീയജീവിതം നയിക്കുന്നവർക്ക് ജീവിതം പ്രക്ഷുബ്ദഭരിതമായിരിക്കുമ്പോൾ സ്വർഗ്ഗം സമ്മാനിക്കുന്ന അലൗകിക സ്ഥൈര്യമുള്ളവർക്കേ  തിന്മയെ എതിർക്കാനും രക്ഷ സ്വന്തമാക്കുവാനും സാധിക്കൂ. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ