ലത്തീൻ ഒക്ടോബർ 21 ലൂക്കാ 12: 13-21 സാമ്പത്തിക സംസ്കാരം 

ദൈവം അവനോടു പറഞ്ഞു: ഭോഷാ, ഈ രാത്രി നിന്റെ ആത്‌മാവിനെ നിന്നില്‍ നിന്ന്‌ ആവശ്യപ്പെടും; അപ്പോള്‍ നീ ഒരുക്കിവച്ചിരിക്കുന്നവ ആരുടേതാകും? (ലൂക്കാ 12:20).

ധനം സംസാരിക്കുന്നു, അതിന്റെ ഭാഷ ഗ്രഹിക്കൂ ” എന്ന ഒരു ചൊല്ലുണ്ട്. ധനത്തിന്റെ ഭാഷ മനസിലാക്കിയില്ലെങ്കിൽ മനുഷ്യൻ ജീവിതത്തിൽ  വിഡ്ഢികളായി മാറാം എന്ന ഓർമ്മപ്പെടുത്തൽ ഈ ഉപമ നൽകുന്നുണ്ട്. ധനത്തിന്റെ സംസ്കാര മനസിലാക്കാത്തതിനാൽ ധനികന് വന്നുചേർന്ന രണ്ട് തെറ്റുകൾ ഉപമയിൽ കാണാം.

ഒന്നാമതായി, ധനം അവനെ തന്നിൽ നിന്നും മറ്റുള്ളവരിലേയ്ക്ക്‌ കടന്നു ചിന്തിക്കുന്നതിൽ തടഞ്ഞു. ‘ഞാൻ‘, ‘എന്റെ‘, ‘എനിക്ക്‘ തുടങ്ങിയ അവന്റെ വ്യക്തിയെ മാത്രം സൂചിപ്പിക്കുന്ന സർവ്വനാമങ്ങളുടെ തുടരെയുള്ള പ്രയോഗങ്ങൾ അതിന് ഉദാഹരങ്ങളാണ്. രണ്ടാമതായി, ഈ ലോകത്തിനുമപ്പുറം കാണുന്നതിൽ നിന്നും ധനം അവനെ തടഞ്ഞു. അങ്ങനെ തന്റെ മുഴുവൻ സുരക്ഷയും അവൻ ധനത്തിൽ നിക്ഷേപിക്കുക വഴി നിത്യരക്ഷയ്ക്കായി ഒന്നും ചെയ്യാതെ വിഡ്ഢിയായി മാറി.

ധനത്തിന്റെ ഭാഷയും സംസ്കാരവും പഠിക്കാത്ത വ്യക്തി നശ്വരമായ ലോകത്തിൽ സുരക്ഷ തേടി നിത്യരക്ഷ നഷ്ടമാക്കുന്നതിലൂടെയാണ് വിഡ്ഢിയായി മാറുന്നത്. വിഡ്ഢിക്ക് ധനം യജമാനനാണെങ്കിൽ ജ്ഞാനിക്ക് ദാസനും. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ