ലത്തീൻ ഒക്ടോബർ 07 ലൂക്കാ 10: 25-37 അയൽക്കാരൻ 

അവനോട് കരുണ കാണിച്ചവന്‍ എന്ന്‌ ആ നിയമജ്‌ഞന്‍ പറഞ്ഞു. യേശു പറഞ്ഞു: ‘നീയും പോയി അതുപോലെ ചെയ്യുക’ (ലൂക്കാ 10:37).

“അടുത്ത് വസിക്കുന്നവൻ അയൽക്കാരൻ” എന്ന സാധാരണ നിർവചനത്തിൽ നിന്നും വ്യത്യസ്തമായി “മറ്റുള്ളവരോട് കരുണ കാണിക്കുന്നവൻ അയൽക്കാരൻ” എന്ന ആഴമായ നിർവചനം നൽകുകയാണ് യേശുനാഥൻ. മറ്റൊരർത്ഥത്തിൽ ആവശ്യക്കാർക്കായി സമയം (Time), കഴിവുകൾ (Talents), സമ്പത്ത് (Treasure) എന്നിവ നിസ്വാർത്ഥതമായി നൽകാൻ തയ്യാറുള്ളവരാണ് അയൽക്കാർ.  കൊള്ളക്കാരുടെ കൈയിൽപ്പെട്ടവനായി ഒരു ദിവസം യാത്ര (സമയം) നീട്ടിവച്ചും,   അവന്റെ കൈ-കാലുകൾ തുണിക്കഷണങ്ങൾ കൊണ്ട് ചുറ്റിക്കെട്ടിയും,  സത്രത്തിലേയ്ക്ക് കൊണ്ടുപോയും (കഴിവുകൾ), രണ്ട് ദനാറ സത്രം സൂക്ഷിപ്പുകാരന് നൽകിക്കൊണ്ടും (സമ്പത്ത്) സമരിയക്കാരൻ നല്ല അയൽക്കാരനായി.

ചുരുക്കത്തിൽ, അടുത്ത് വസിക്കുമ്പോൾ അയൽക്കാരനാകണമെന്നില്ല. മറിച്ച്‌, നമ്മുടെ കണ്ണുകൾ മറ്റുള്ളവരുടെ ആവശ്യങ്ങൾ കാണുമ്പോൾ, കാലുകൾ മറ്റുള്ളവരിലേയ്ക്ക് കാരുണ്യത്തോടെ എത്തുമ്പോൾ, ഹൃദയങ്ങളിൽ ദയ ജനിക്കുമ്പോൾ നാം നല്ല അയൽക്കാരാകുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ