ലത്തീൻ സെപ്റ്റംബർ 29 ലൂക്കാ 16: 19-31 പ്രതിബദ്ധതാ മാനം

അവന്‍ വിളിച്ചുപറഞ്ഞു: “പിതാവായ അബ്രാഹമേ, എന്നില്‍ കനിയേണമേ! തന്റെ വിരല്‍ത്തുമ്പ് വെള്ളത്തില്‍ മുക്കി എന്റെ നാവ് തണുപ്പിക്കാനായി ലാസറിനെ അയയ്‌ക്കണമേ! ഞാന്‍ ഈ അഗ്‌നിജ്വാലയില്‍ കിടന്ന്‌ യാതന അനുഭവിക്കുന്നു” (ലൂക്കാ 16:24).

യേശുവിന്റെ കാലത്തെ യഹൂദ സമൂഹജീവിതത്തിന്റെ ഒരു ചിത്രം ധനവാന്റെയും ലാസറിന്റെയും ഉപമ അവതരിപ്പിക്കുന്നുണ്ട്. കഥാപാത്രങ്ങളിൽ ധനികൻ- ആ സമൂഹത്തിലെ മത- രാഷ്ട്രീയ മേലാളന്മാരെയും, ലാസർ- അടിസ്ഥാന ആവശ്യങ്ങളും അവകാശങ്ങളും നീതിയും നിഷേധിക്കപ്പെട്ട അടിച്ചമർത്തപ്പെട്ട ഹതഭാഗ്യരെയും പ്രതിനിധാനം ചെയ്യുന്നു. പിതാവായ അബ്രഹാം അപ്രകാരമുള്ള ഒരു സാമൂഹിക പരിതസ്ഥിതിയിൽ ദൈവത്തിന്റെ കരുതലിനെ സൂചിപ്പിക്കുന്നു.

ഉപമയിൽ ദരിദ്രന് ലാസർ എന്ന പേര് നൽകപ്പെടുകയും എന്നാൽ, ധനികന് പേര് നൽകപ്പെടാതിരിക്കുകയും ചെയ്യുന്നത് ജീവന്റെ പുസ്തകത്തിൽ ദരിദ്രന്റെ പേര് ചേർക്കപ്പെട്ടിരിക്കുന്നുവെന്ന് കാണിക്കാനാണ്. ധനികനെ സംബന്ധിച്ചിടത്തോളം, ദരിദ്രനായ ലാസർ തന്റെ വീടിന്റെ പടിക്കൽ സഹായമഭ്യർത്ഥിച്ചു കിടന്നിരുന്ന അത്രയും കാലം, ധനികന്റെ മനഃപരിവർത്തനത്തിനുള്ള കാലഘട്ടമായിരുന്നു എന്നു പറയാം.

അടിസ്ഥാന ആവശ്യങ്ങളും നീതിയും അവകാശങ്ങളും നിഷേധിക്കപ്പെട്ടവർക്ക് അത് കൊടുക്കാനായി പരിശ്രമിക്കുന്നത് ക്രൈസ്തവജീവിതത്തിന്റെ സാമൂഹിക പ്രതിബദ്ധതാ മാനമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ