ലത്തീൻ സെപ്റ്റംബർ 22 ലൂക്കാ 16: 1-13 (ഞായർ) ദൈവിക കർത്തൃത്വം

ഒരു ഭൃത്യന് രണ്ട് യജമാനന്മാരെ സേവിക്കുവാന്‍ സാധിക്കുകയില്ല. ഒന്നുകില്‍ അവന്‍ ഒരുവനെ ദ്വേഷിക്കുകയും മറ്റവനെ സ്‌നേഹിക്കുകയുംചെയ്യും. അല്ലെങ്കില്‍ ഒരുവനോട് ഭക്തി കാണിക്കുകയും മറ്റവനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല (ലൂക്കാ 16:13).

ധാന്യച്ചാക്കുകളിൽ തിരിമറി നടത്തിയും കള്ളത്തുലാസ് കൊണ്ട് അളവുകളിൽ വെട്ടിപ്പ് നടത്തിയും ആമോസ് പ്രവാചകന്റെ കാലത്ത് കള്ളക്കച്ചവടക്കാർ എങ്ങനെ ധനത്തെ അഥവാ മാമോനെ ഒരു പ്രായോഗിക ദൈവമാക്കി മാറ്റി എന്നതിന്റെ വിവരണമാണ് ഒന്നാം വായന (ആമോസ് 8:4-7). ആമോസ് പ്രവാചകന്റെ കാലത്തെ സ്വാർത്ഥ ധനികർ പ്രതിനിധാനം ചെയ്യുന്നത്, ഇന്നത്തെ ലോകത്തിൽ ധനികരും ദരിദ്രരും തമ്മിലുള്ള അകലം വർദ്ധിപ്പിക്കുന്ന നടപടികൾ കൈക്കൊള്ളുന്ന അഴിമതി കച്ചവടക്കാരെയും, കപട ജനസേവകരെയും, കുത്തക മുതലാളിമാരെയുമാണ്.

അധികാരവും ധനവും കയ്യേറുന്നവർ നീതിബോധത്തോടു കൂടി പ്രവർത്തിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമെന്ന ഓർമ്മപ്പെടുത്തലാണ് രണ്ടാം വായനയിൽ വി. പൗലോസ് ശ്ലീഹ നൽകുന്നത് (1 തിമോ 2:1-8). നാം ഈ ലോകത്തിൽ ഒന്നിന്റെയും ഉടമസ്ഥരല്ല.  മറിച്ച്, കാര്യസ്ഥർ മാത്രമാണെന്നുള്ള ഓർമ്മപ്പെടുത്തലാണ് സുവിശേഷത്തിൽ യേശു നൽകുന്നത് (ലൂക്കാ 16: 1-13). അതിനാൽ കാര്യസ്ഥതയ്ക്കായി ഈ ലോകത്തിൽ നൽകപ്പെട്ടിരിക്കുന്ന ലോകവസ്തുക്കളെ പങ്കുവയ്ക്കലിലൂടെ നിത്യതയിലേയ്ക്കുള്ള നിക്ഷേപമായി പരിവർത്തനപ്പെടുത്തുക. ലോകത്തിൽ നീ സ്വന്തമാക്കിയിരിക്കുന്നവയല്ല മറിച്ച്, നിന്നെ സ്വന്തമായി കരുതുന്നവനാണ് (ദൈവം) നിന്റെ യഥാർത്ഥ സമ്പാദ്യം. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ