ലത്തീൻ ആഗസ്റ്റ് 29 മർക്കോ. 6: 17-29 (യോഹന്നാന്റെ രക്തസാക്ഷിത്വം) രക്ഷയുടെ പ്രവാചക പ്രതീകം

“അവൻ കാരാഗൃഹത്തിൽ ചെന്ന് യോഹന്നാന്റെ തല വെട്ടിയെടുത്തു” (വാക്യം 27).

യോഹന്നാന്റെ രക്തസാക്ഷിത്വത്തെ ഒരു പാപിയുടെ (ഹേറോദേസ്) കരങ്ങളാലുള്ള നീതിമാന്റെ (സ്നാപകയോഹന്നാൻ) ദയനീയമായ മരണമായല്ല സഭ നോക്കിക്കാണുന്നത്. മറിച്ച്, തീക്ഷ്ണമതിയായ ഒരു ദൈവദാസന്റെ പ്രവാചകദൗത്യത്തിന്റെ നിവർത്തികരണമായാണ്. ക്രിസ്തുവിന്റെ ആഗമനം വിളിച്ചറിയിക്കുന്ന അഗ്രദൂതന്‍ എന്ന അർത്ഥത്തിൽ യോഹന്നാന്റെ സഹനവും മരണവും ക്രിസ്തുവിന്റെ രക്ഷാകര സഹന-മരണത്തിന്റെ സാദൃശമാണ്.

ഹേറോദേസിന് യോഹന്നാനോട് മതിപ്പ് ഉണ്ടായിരുന്നിട്ടും, സദസ്യർക്ക് കൊടുത്ത വാക്ക് തെറ്റിച്ചാൽ മറ്റുള്ളവർക്ക് തന്നോടുള്ള ബഹുമാനം നഷ്ടപ്പെടുമോ എന്ന അബദ്ധ ധാരണയും (pseudo-human respect) അരക്ഷിതത്വ ചിന്തകളും അവനെ, യോഹന്നാനെ ശിരച്ഛേദം ചെയ്യുന്നതിനായി ഉത്തരവിടാൻ പ്രേരിതനാക്കുകയും ചെയ്യുന്നു. ഹേറോദേസ്, ദുരഭിമാനചിന്തകളാൽ കാറ്റത്തുലയുന്ന ഞാങ്ങണ പത്തലിനു തുല്യമായ “ചഞ്ചലചിത്തത“യുടെ പ്രതീകമാണെകിൽ, യോഹന്നാൻ ദൈവാശ്രയത്താൽ സ്‌തംഭതുല്യം മനഃസാക്ഷിയുടെ സ്വരമായി “ദൃഢചിത്തത“യുടെ പ്രവാചക പ്രതീകമായി വിരാജിക്കുന്നു.

മാമ്മോദീസായിൽ ക്രിസ്തുവിന്റെ രാജകീയ പൗരോഹിത്യ ശുശ്രൂഷകളോടൊപ്പം പ്രവാചകദൗത്യത്തിലും പങ്കു പറ്റാൻ വിളിക്കപ്പെട്ടിരിക്കുന്ന ക്രൈസ്തവർക്ക് ആ ദൗത്യനിർവ്വഹണത്തിന് തടസമാകുന്നത് പലപ്പോഴും യോഹന്നാനെപ്പോലെ ദൈവം എന്തു പ്രതീക്ഷിക്കുന്നു എന്നു ചിന്തിക്കാതെ, ഹേറോദേസിനെപ്പോലെ മറ്റുള്ളവർ എന്തു വിചാരിക്കും, മറ്റുള്ളവർക്ക് തന്നോടുള്ള ബഹുമാനം നഷ്ടപ്പെടുമോ തുടങ്ങിയ ദുരഭിമാന ചിന്തകളാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ