ലത്തീൻ ആഗസ്റ്റ് 17 മത്തായി 19: 13-15 ആത്മീയ ശിശുത്വം

“ശിശുക്കളെ എന്റെ അടുത്ത് വരുവാൻ അനുവദിക്കുവിൻ. അവരെ തടയരുത്. കാരണം, ദൈവരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്” (വാക്യം 14).

ശിശുതുല്യമാകുക എന്ന യേശുവചനത്തിന്റെ അർത്ഥം ‘ബാലിശം’ (Childish) ആകുക എന്നല്ല. മറിച്ച്. ഒരു ശിശുവിന്റെ ‘മാനസികാവസ്ഥ’ (Mindset) സ്വീകരിക്കുക എന്നർത്ഥം. ഇതാണ് വി. കൊച്ചുത്രേസ്യ പറയുന്നതു പോലെ  യഥാർത്ഥ ദൈവമക്കളാകാനുള്ള കുറുക്കുവഴി.

ഒരു ശിശുവിന്റെ മാനസികാവസ്ഥയുടെ ഒന്നാമത്തെ പ്രത്യേകത എന്നത് “എളിമ ” (Humility) ആണ്. ഒരു ശിശുവിന് അഹങ്കരിക്കാനായ് ഒന്നും തന്നെയില്ല. മുതിർന്നവർക്ക് എളിമ പരിശീലിക്കേണ്ടിവരുമ്പോൾ ശിശുക്കൾക്ക് എളിമയെന്നത് അവരുടെ അസ്തിത്വത്തിൽ തന്നെയുള്ള ഒരു ഭാവമാണ്. എളിമയുള്ള ഹൃദയത്തിൽ ദൈവത്തിന്റെ അത്ഭുതങ്ങൾക്ക് എപ്പോഴും ഒരിടമുണ്ട്.

രണ്ടാമത്തെ സ്വഭാവമെന്നത് “ആശ്രിതത്വം” (Dependency) ആണ്. ഒരു ശിശു എല്ലാ കാര്യത്തിനും മാതാപിതാക്കളെ ആശ്രയിക്കുന്നതു പോലെ ആത്മീയ ശിശുത്വത്തിലൂടെ ദൈവത്തിന്റെ പരിപാലനയിൽ ആശ്രയിക്കാനുള്ള കൃപയാണിത്.

മൂന്നാമത്തെ സ്വഭാവമെന്നത് “നിഷ്കളങ്കത” (Innocence) ആണ്. ഒഴുക്കുനീറ്റിൽ അഴുക്കില്ല എന്ന് പറയപ്പെടുന്നതു പോലെ ഒരു ശിശുവിൻ്റെ മനസ്സ് കളങ്കമില്ലാത്തതാണ്. പുൽക്കൂട്ടിൽ ഉണ്ണിയേശുവിനെ ദർശിക്കാൻ ഭാഗ്യം സിദ്ധിച്ച നിഷ്കളങ്കരായ ആട്ടിടയരുടെ ദൈവദർശനം പോലെ നിഷ്കളങ്കമനസ്കരാണ് ദൈവത്തെ വേഗത്തിൽ ദർശിക്കുക.

നാലാമത്തെ സ്വഭാവമെന്നത് “സ്ഥിരത” (Persistence) ആണ്. പിച്ചവയ്ക്കുന്ന ഒരു കുഞ്ഞ് നടക്കാൻ പഠിക്കുന്നതിനിടയിൽ പലതവണ നിലത്തു വീഴുമെങ്കിലും ഒരിക്കലും തോൽക്കാതെ അപ്പോൾ തന്നെ എഴുന്നേറ്റ് വീണ്ടും നടക്കും. തിന്മയോട് സ്ഥിരതയോടെ പടവെട്ടേണ്ട ക്രൈസ്തവജീവിതത്തിന് മാതൃകയാണ് ഈ ശിശു-സ്ഥിരത.

മനുഷ്യമക്കൾ, ദൈവമക്കളായി പരിണമിക്കുന്നത് ദൈവപിതാവുമായുള്ള ബന്ധത്തിൽ ഒരു ശിശുവിന്റെ “മാനസികാവസ്ഥ” (Mindset) സ്വീകരിക്കുമ്പോഴാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ