ലത്തീൻ ആഗസ്റ്റ് 10 യോഹ. 12: 24-26 ക്രിയാത്മക അഴിയിൽ

“നിലത്തുവീണ് അഴിയുന്നതുവരെ ഗോതമ്പുമണി അങ്ങനെ തന്നെ ഇരിക്കും” (വാക്യം 24).

ഗോതമ്പുമണി” യേശുവിനെയും, “അഴിയൽ” പ്രക്രിയ അവന്റെ സഹന-മരണ-മൃതസംസ്കാരങ്ങളേയും, “ഫലം പുറപ്പെടുവിക്കൽ” അവന്റെ ഉത്ഥാനത്തെയുമാണ് പ്രതിനിധാനം ചെയുന്നത്.

ക്രിസ്തുവിനെപ്പോലെ തിരുസഭയിൽ അഴിയുന്ന ഗോതമ്പുമണികളാകാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവർ. രണ്ട്‌ വഴികളിലൂടെയാണ് ഈ അഴിയൽ പ്രക്രിയ സഭയിൽ നിർവ്വഹിക്കാൻ ക്രൈസ്തവന് കഴിയുക.

1. രക്തസാക്ഷിത്വം (Martyrdom): വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചവരെല്ലാം തിരുസഭയാകുന്ന മണ്ണിൽ വീണ് അഴിഞ്ഞ് ഫലം പുറപ്പെടുവിച്ചവരാണ്.

2. ആത്മപരിത്യാഗം (Self-Denial): രക്തസാക്ഷിത്വം, രക്തം ചൊരിഞ്ഞുള്ള സാക്ഷ്യമാണ് എങ്കിൽ രക്തം ചൊരിയാതെയുള്ള സാക്ഷ്യമാണ് ആത്മപരിത്യാഗം. പാപത്താൽ കളങ്കിതമായ ഒരുവനിലെ കപടമനുഷ്യനെ പരിത്യജിച്ച്, ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനായി ജീവിക്കാൻ നടത്തുന്ന പരിശ്രമങ്ങളാണ് ആത്മപരിത്യാഗം.

സാക്ഷ്യജീവിതം നൽകുന്ന സഹനങ്ങളും ത്യാഗങ്ങളും രക്തം ചൊരിയാതെയുള്ള ക്രിസ്തുസാക്ഷ്യങ്ങളാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ