ലത്തീൻ ഓഗസ്റ്റ് 03 മത്തായി 14: 1-12 ദൈവഭയം 

“അവന് യോഹന്നാനെ കൊല്ലണമായിരുന്നുവെങ്കിലും അവൻ ജനത്തെ ഭയപ്പെട്ടു…” (വാക്യം 05).

“ഞാൻ രാജാവിന്റെ ദാസനാണ്. എന്നാൽ, പ്രഥമമായി ദൈവത്തിൻ്റെ ദാസനാണ്” എന്നു പറഞ്ഞതിന് ഇംഗ്ലണ്ടിലെ ഹെൻറി രാജാവിനാൽ ശിരച്ഛേദം ചെയ്യപ്പെട്ട് രക്തസാക്ഷിയായ വി. തോമസ് മൂർ, ദൈവഭയം എന്ന പുണ്യത്തിന്റെ മൂർത്തീകരണമാണ്.

സ്നാപകയോഹന്നാൻ ദൈവത്തെ ഭയപ്പെട്ട ഒരുവനായിരുന്നുവെങ്കിൽ ഹേറോദേസ് ദൈവഭയം ഇല്ലാത്തവനായിരുന്നു. യോഹന്നാന്റെത് “ദൈവഭയം” ആയിരുന്നുവെങ്കിൽ ഹേറോദേസിന്റെത് “മനുഷ്യഭയം” ആയിരുന്നു. ഭാര്യയുടെയും പുത്രിയുടെയും മറ്റുള്ളവരുടെയും അഭിപ്രായങ്ങൾക്കായിരുന്നു ഹേറോദേസ്  പ്രാധാനം കല്‍പ്പിച്ചിരുന്നത്. സ്നാപകയോഹന്നാന്റെ രക്തസാക്ഷിത്വം ദൈവഭയം എന്ന പുണ്യത്തിന്റെ ഉൽകൃഷ്ടമായ ആവിഷ്കാരമാണ്. പ്രഭാഷകൻ പറയുന്നതുപോലെ “എല്ലാ ജ്ഞാനത്തിന്റെയും തുടക്കം ദൈവഭയമാണ്” (പ്രഭാ. 9:10) എന്നതിനാൽ നീതിയുടെ ഉറവിടമാണ് ദൈവഭയം എന്ന പുണ്യം.

ദൈവഭയം എന്നത് ദൈവത്താൽ ശിക്ഷിക്കപ്പെടും എന്ന ചിന്തയിൽ നിന്നും ഉരുത്തിരിയുന്ന ഭീതിയല്ല. മറിച്ച്, സർവ്വനന്മകൾക്കും കാരണഭൂതനായ ദൈവത്തെ ഒരിക്കൽപ്പോലും ഞാൻ  മുറിപ്പെടുത്തുകയില്ല എന്ന മനോഭാവം ജനിപ്പിക്കുന്ന ഭയഭക്തിയാണ്. ദൈവഭയമുള്ള ഒരുവൻ ആരെയും ഭയപ്പെടുന്നില്ല. അതുപോലെ, ആരും ദൈവഭയമുള്ളവനെ ഭയപ്പെടേണ്ടി വരികയുമില്ല! ആമ്മേൻ.

+ ഫാ ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.