ലത്തീൻ ആഗസ്റ്റ് 02 മത്തായി 13: 54-58 തൊഴിൽ മഹിമ

അവൻ ആശാരിയുടെ മകനല്ലേ …” (വാക്യം 55).

കാർഷിക-വ്യാവസായിക-ഇലക്ട്രോണിക്-ഡിജിറ്റൽ വിപ്ലവങ്ങൾ വളർച്ചയുടെ പാതയിൽ മനുഷ്യകുലത്തിന് ധാരാളം പുരോഗതി സമ്മാനിച്ചിട്ടുണ്ടെങ്കിലും മറുവശത്ത് ഈ നേട്ടങ്ങൾ മനുഷ്യത്വത്തിൻ്റെയും തൊഴിലിൻ്റെയും ധ്വംസനങ്ങളിലൂടെയാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. കാർഷിക വിപ്ലവത്തിൻ്റെ സമയത്ത് ജന്മിമാർ ജോലിക്കാരെ അടിമകളായും, വ്യവസായിക വിപ്ലവസമയത്ത് വ്യവസായിക മുതലാളിമാർ തൊഴിലാളികളെ ഉപകരണങ്ങൾക്ക് തുല്യവും, ഇലക്ട്രോണിക് വിപ്ലവകാലത്ത് ധനലാഭത്തിനായി മനുഷ്യരെ യന്ത്രങ്ങൾക്കു തുല്യം ഉപയോഗിച്ചതും, ഇപ്പോൾ ഡിജിറ്റൽ വിപ്ലവത്തിൻ്റെ കാലത്തിൽ ഉറക്കം, വിശ്രമം, ഉല്ലാസം, സുഹൃദ്ബന്ധങ്ങൾ തുടങ്ങിയ അടിസ്ഥാനാവശ്യങ്ങൾ പോലും നിഷേധിച്ചു കൊണ്ട് യന്ത്രമനുഷ്യരെപ്പോലെ, ജീവനക്കാരോട് ജോലി ആവശ്യപ്പെടുന്ന സ്ഥാപനങ്ങളുമുണ്ട് എന്നത് ചരിത്രസത്യങ്ങളാണ്.

ഈ വിപ്ലവങ്ങളെല്ലാം വ്യക്തിമഹിമയേക്കാൾ ഉൽപാദനത്തിന് പ്രാധാന്യം കൊടുത്ത ഒരു മറുവശം കൂടിയുണ്ട്. തൊഴിൽ എന്തു തന്നെയായാലും അതിന്റെ  മഹത്വവും ദൈവശാസ്‌ത്രവും ഉയർത്തിക്കാണിക്കുകയാണ് തിരുവചനം. ഭൂമിയിൽ ദൈവപുത്രന്‍റെ തൊഴിലിനെ-ആശാരിപ്പണിയെ നിത്യവൃത്തിക്കുള്ള ഒരു വഴിയായി മാത്രമല്ല സഭ കാണുന്നത്. മറിച്ച്, ദൈവത്തിൻ്റെ രക്ഷാകരപദ്ധതിയിലുള്ള  പങ്കുപറ്റലായിട്ടാണ് കാണുന്നത്. ആ അർത്ഥത്തിൽ ആശാരിപ്പണിയെന്നത് യൗസേപ്പിനോ യേശുവിനോ ഒരു തൊഴിലല്ല. മറിച്ച്, ഒരു ദൈവവിളിയാണ്.

യേശുവിനെപ്പോലെയും യൗസേപ്പിനെപ്പോലെയും ഞാൻ ചെയ്യുന്ന പ്രവൃത്തി എന്തു തന്നെ ആയാലും ദൈവമഹത്വത്തിനായി ചെയ്യുമ്പോൾ അത് രക്ഷാകരപദ്ധതിയിലുള്ള പങ്കുചേരലാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.