ലത്തീൻ ജൂലൈ 24 മത്തായി 13: 1-9 ന്യൂനപക്ഷ കാര്യം

മറ്റുചിലത് നല്ല നിലത്തു വീണു. അത് നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും വിളവു നല്‍കി (മത്തായി 13: 8).

ഉപമയിലെ വിവരണപ്രകാരം നാലിൽ മൂന്ന് വിത്തും ഫലം പുറപ്പെടുവിക്കാതെ നഷ്ടമായി. ഇപ്രകാരമൊരു നഷ്ടം കർഷകനെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമാണ്. എന്നാൽ, ദൈവരാജ്യത്തിന്റെ കണക്കുകൂട്ടലിൽ ഫലം പുറപ്പെടുവിക്കുന്ന നാലിലൊന്നാണ് ഫലം പുറപ്പെടുവിക്കാത്ത നാലിൽ മൂന്നിനേക്കാൾ ആനന്ദം നൽകുന്നത്. ഇത് “ക്രൈസ്‌തധർമ്മം ഒരു ന്യൂനപക്ഷ ദൗത്യമാകാം” എന്ന സുവിശേഷ സന്ദേശത്തിലേയ്ക്കാണ് വിരൽചൂണ്ടുന്നത്.

യേശുനാഥൻ ചെറുതിന്റെ പ്രാധാന്യം വിശദീകരിക്കുന്ന സംഭവങ്ങൾ സുവിശേഷത്തിലുണ്ട്. ഉദാഹരണത്തിന്, യേശു തന്റെ ശിഷ്യരെ “ചെറിയ അജഗണമേ..” എന്നാണ് വിളിച്ചത് (ലൂക്കാ 12: 32). കടുകുമണിയുടെ ഉപമയിൽ ചെറു കടുകുമണിക്ക് വലിയ ചെടിയാകാനും, പുളിമാവിന്റെ ഉപമയിൽ ചെറിയ അളവ് പുളിമാവിന് വലിയ അളവ് ഗോതമ്പിനെ പുളിപ്പിക്കാനുമുള്ള അന്തർലീനശക്തിയെക്കുറിച്ച് സൂചിപ്പിച്ചപ്പോഴും, അഞ്ചപ്പം കൊണ്ട് അയ്യായിരത്തെ പോഷിപ്പിച്ചപ്പോഴും ചെറുതിന്റെ പ്രാധാന്യത്തെയാണ് യേശു ഉയർത്തിക്കാട്ടുന്നത്.

ക്രൈസ്‌തധർമ്മം വ്യാപ്തി-പ്രാധാനമല്ല (Quantitative), സത്വപ്രധാനമാണ് (Qualitative). പാപ പങ്കില ഭൂരിപക്ഷലോകത്ത് മൂല്യബന്ധിത-ഫലപ്രദ ന്യൂനപക്ഷം (Productive Minority) ആയി നിലകൊള്ളുന്നതും ക്രൈസ്തവ ധർമ്മാനുഷ്ഠിതമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ