ലത്തീൻ ജൂലൈ 22 യോഹ. 20: 1-2, 11-18 നിത്യജീവൻ

യേശു പറഞ്ഞു: നീ എന്നെ തടഞ്ഞു നിര്‍ത്താതിരിക്കുക. എന്തെന്നാല്‍, ഞാന്‍ പിതാവിന്റെ അടുത്തേയ്ക്ക്‌ ഇതുവരെയും കയറിയിട്ടില്ല. നീ എന്റെ  സഹോദരന്മാരുടെ അടുത്തുചെന്ന്‌ അവരോട്‌ ഞാന്‍ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തിന്റെയും അടുത്തേയ്ക്ക്‌ ആരോഹണം ചെയ്യുന്നു എന്നു പറയുക (യോഹ. 20: 17).

യേശുവിന്റെ ഉത്ഥാനമെന്നത് ഭൗമീകജീവിതത്തിലേയ്ക്കുള്ള ഒരു തിരിച്ചുവരവായിരുന്നില്ല. മറിച്ച്, അവന്റെ മർത്യശരീരത്തിന് രൂപാന്തരീകരണം സംഭവിച്ച് മഹത്വവൽക്കരിക്കപ്പെട്ട ശരീരവുമായി ദൈവവുമായുള്ള സമ്പൂര്‍ണ്ണമായ ഐക്യത്തിലേയ്ക്കുള്ള പ്രവേശനമായിരുന്നു. ഉത്ഥിതനായ ക്രിസ്തു, അതേ വ്യക്തി തന്നെയായിരുന്നുവെങ്കിലും ഉത്ഥിതശരീരത്തിൽ പ്രത്യക്ഷപ്പെട്ട അവനെ തിരിച്ചറിയാൻ അവൾക്ക് സാധിച്ചില്ല. അതിനാൽ “മേരി” എന്ന  സുപരിചിത വിളിയിൽ അവൾ ഗുരുവിനെ തിരിച്ചറിയുന്നു.

മേരിയുടെ ഉത്ഥാനത്തെക്കുറിച്ചുള്ള വീക്ഷണം, ലാസർ മരണശേഷം ഉയിർപ്പിക്കപ്പെട്ട് കൂടെ വസിച്ചതുപോലെ, ക്രിസ്തു തന്റെ മർത്യശരീരത്തിൽ കൂടെ തുടർന്നും ഉണ്ടായിരിക്കും എന്നതായിരുന്നു! പക്ഷെ, യേശു ഉത്ഥാനത്തിലൂടെ സംലഭ്യമാകുന്ന ആത്‌മാവിന്റെ നിത്യതയിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ അവളെ  ഓർമ്മിപ്പിക്കുന്നു. മേരിയോടുള്ള “എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തിന്റെയും അടുക്കലേയ്ക്ക് ഞാൻ പോകുന്നു” (വാക്യം 17) എന്ന ഉത്ഥിതവചനങ്ങൾ വിരൽചൂണ്ടുന്നത് ഉത്ഥാനത്തിലൂടെ ദൈവവുമായി നമുക്ക് ലഭിക്കുന്ന സമ്പൂർണ്ണഐക്യത്തിലേയ്ക്ക് അഥവാ നിത്യജീവനിലേയ്ക്കാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.