ലത്തീൻ ജൂലൈ 20 മത്തായി 12: 14-21 പിന്‍വാങ്ങൽ ബുദ്ധി

“ഇത് മനസിലാക്കിയ യേശു അവിടെ നിന്നും പിൻവാങ്ങി” (വാക്യം 15).

“നിന്റെ പോരാട്ടം തിരഞ്ഞെടുക്കുക” എന്നൊരു ചൊല്ലുണ്ട്. ഇപ്രകാരം ഒരു തിരഞ്ഞെടുപ്പ്‌ യേശു പലപ്പോഴും നടത്തിയിരുന്നതായി കാണാം. യേശു തന്റെ ശത്രുക്കളാൽ എതിർക്കപ്പെടുന്ന രംഗങ്ങൾ സുവിശേഷത്തിൽ ധാരാളമുണ്ട്. അവയിൽ ചില അവസരങ്ങളിൽ ഫരിസേയരാൽ കുറ്റപ്പെടുത്തപ്പെട്ടപ്പോൾ അവരോട് ബോധ്യത്തോടെ വാദിക്കുന്ന യേശു തന്നെ മറ്റു ചില അവസരങ്ങളിൽ ഒരു യുദ്ധത്തിനു നിൽക്കാതെ സഹിഷ്‌ണുതയും സഹനശീലവും പുലർത്തി പിന്മാറുന്നത് കാണാം.

പ്രതിരോധിക്കുകയും ചെറുത്തുനിൽക്കുകയും ചെയ്യേണ്ട നിമിഷങ്ങളിൽ ജീവിതത്തിലുണ്ടാകാം. ചിലപ്പോൾ വാദങ്ങളും വഴക്കും ഒഴിവാക്കുന്നതാണ് ഉചിതം എന്ന് പിന്നീട് മനസിലാകും.

അഹങ്കാരവും സ്വയം നീതികരണവും സ്വഭാവമായുള്ള ഒരു വ്യക്തിയോട് വാദിക്കുന്നതിലും ബുദ്ധി, ശാന്തമായി നന്മയുടെ പ്രവർത്തികളിലൂടെ പ്രതിരോധിക്കുന്നതായിരിക്കും. കാരണം, അവർ ശ്രവിക്കുന്നതു പ്രതികരിക്കാൻ മാത്രമാണ്, സ്വീകരിക്കാനല്ല . നീ ഒരുപാട് കാര്യങ്ങൾ പറഞ്ഞാലും അവർക്ക് ചേർന്നതു മാത്രമേ അവർ ശ്രവിക്കുകയുള്ളു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ