ലത്തീൻ ജൂലൈ 06 മത്തായി 9: 14-17 ആത്മീയ ആനന്ദം

“മണവാളൻ കൂടെയുള്ളപ്പോൾ മണവറതോഴർക്ക് ദുഃഖം ആചരിക്കുവാനാകുമോ..?” (വാക്യം 15).

തിരുസഭയിൽ വിശുദ്ധരുടെ നാമകരണ നടപടിക്രമങ്ങളിൽ പരിഗണിക്കപ്പെടുന്ന പുണ്യങ്ങളിൽ ഏറ്റവും അത്യന്താപേക്ഷിതമായ ഒന്നാണ് “ആത്മീയ ആനന്ദം” (Spiritual Rejoicing) അഥവാ “ആത്മാവിന്റെ ആനന്ദം” (Joy of Soul) എന്നത്. “എന്റെ ആത്മാവ് കർത്താവിൽ ആനന്ദിക്കുന്നു” എന്ന മാതാവിന്റെ സ്‌തോത്രപ്രാർത്ഥനയിൽ പ്രകാശിതമാകുന്നത് ഈ ആത്മീയ ആനന്ദമാണ്. രക്ഷകനെ ഉദരത്തിൽ വഹിക്കുമ്പോൾ ദൈവിക കരങ്ങൾ നിഗൂഢമായി തന്നിൽ പ്രവർത്തിക്കുന്നു എന്ന തിരിച്ചറിവാണ് ഈ ആത്മീയ ആനന്ദം മറിയത്തിന് നൽകുന്നത്.

മണവറതോഴരുടെ (ശിഷ്യരുടെ) ആനന്ദത്തിന് കാരണം, മണവാളന്റെ (യേശുവിന്റെ) കൂടെയുള്ള സാന്നിധ്യമാണ്. വിശുദ്ധരുടെ ആനന്ദത്തിനു കാരണം ദൈവവുമായുള്ള സംസർഗ്ഗമാണ്. തകർച്ചകൾക്കും പ്രതിസന്ധികൾക്കുമിടയിലും ആന്തരികമായി ആത്മാവിൽ ആനന്ദിക്കാൻ കഴിയുന്ന ഒരു കൃപയാണിത്.

ലോകവുമായുള്ള ബന്ധം ക്രിസ്തുശിഷ്യർക്ക് ചില നൈമിഷികമായ ആസ്വാദനങ്ങൾ നൽകുന്നുവെങ്കിൽ അവർക്ക് ശാശ്വതമായ ആനന്ദം പകരുന്നത് ദൈവവുമായുള്ള സംസർഗ്ഗമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.