ലത്തീൻ ജൂലൈ 03 യോഹ. 20: 24-29 (വി. തോമാശ്ലീഹ) കാണാതെ വിശ്വസിക്കുന്നവർ

“നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു. കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ” (വാക്യം 29 ).

ക്രിസ്താനുഭവത്തിൻ്റെ പശ്ചാത്തലത്തിൽ രക്ഷാകര ചരിത്രത്തിലെ കഥാപാത്രങ്ങളെ യേശു മൂന്നായി തിരിക്കുന്നു. പ്രവാചകന്മാരും നീതിമാന്മാരും (Prophets & Saints), ശിഷ്യന്മാരും സമകാലീനരും (Disciples & Contemporaries), വിശ്വാസികളും (Believers).

1. പ്രവാചകന്മാരും നീതിമാന്മാരും (Prophets & Saints): ഇവർ ആത്മീയ നയനങ്ങൾ കൊണ്ട് കണ്ടവരാണ്. “അനേകം പ്രവാചകന്മാരും നീതിമാന്മാരും നിങ്ങൾ കാണുന്നവ കാണാൻ ആഗ്രഹിച്ചു എങ്കിലും കണ്ടില്ല; നിങ്ങൾ കേൾക്കുന്നവ കേൾക്കാൻ ആഗ്രഹിച്ചു എങ്കിലും കേട്ടില്ല” (മത്തായി 13:17). ദൈവപുത്രനായ യേശുവിൻ്റെ വാക്കുകൾ നേരിട്ട് കേൾക്കാനും പ്രവൃത്തികൾ കാണാനും ഈ വിഭാഗത്തിന് സാധിച്ചില്ലായെങ്കിലും വിശ്വാസത്തിൻ്റെ ആത്മീയക്കണ്ണുകൾ കൊണ്ട് അവർ കണ്ടു.

2. ശിഷ്യന്മാരും സമകാലീനരും (Disciples & Contemporaries): ഇവർ, കണ്ട് വിശ്വസിച്ചവരാണ്. യേശുവിൻ്റെ വാക്കുകൾ നേരിട്ട് കേൾക്കാനും പ്രവൃത്തികൾ കാണാനും ഭാഗ്യം ലഭിച്ചവർ.

3. വിശ്വാസികൾ (Believers): കാണാതെ വിശ്വസിക്കുന്നവർ. അപ്പസ്തോലന്മാരുടെ സാക്ഷ്യത്തിലും പ്രഘോഷണത്തിലും വിശ്വസിച്ച് ക്രിസ്തുവിനെ അനുഭവിക്കുന്ന സഭയിലെ വിശ്വാസികൾ.

കാണാതെ വിശ്വസിക്കുന്നവരുടെ ഭാഗ്യം ഇന്ന് നാം അനുഭവിക്കുന്നത് മൂന്ന് വിധത്തിൽ വിശുദ്ധ കുർബാനയിലാണ്. അപ്പം (Bread), വചനം (Word), സംസർഗ്ഗം (Communion).

1. സംസർഗം(Communion): ഇംഗ്ലീഷ് ഭാഷയിൽ വിശുദ്ധ കുർബാനയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പദം എന്നത് “വിശുദ്ധ സംസർഗ്ഗം” (Holy Communion) എന്നതാണ്. “രണ്ടോ മൂന്നോ പേർ അവൻ്റെ നാമത്തിൽ ഒരുമിച്ചുകൂടുന്ന സംസർഗ്ഗത്തിൽ അവൻ്റെ സാന്നിധ്യം ഉറപ്പ് നൽകിയിരുന്നു” (മത്തായി 18:20). എമ്മാവൂസിൽ യേശു അനുഭവത്തിനുശേഷം തിരികെ ജെറുസലേമിലേയ്ക്ക് പോയി സെഹിയോൻ ഊട്ടുശാലയിയായിരുന്ന അപ്പസ്തോലന്മാരുടെ സംസർഗ്ഗത്തിൽ കൂട്ടുചേരുമ്പോഴാണ് യേശു അവർക്കു മധ്യേ പ്രക്ത്യക്ഷപ്പെട്ട് സമാധാനം അഥവാ തൻ്റെ സാന്നിധ്യം ആശംസിക്കുന്നത്. അതുകൊണ്ടാണ്, തിരുസഭയ്ക്ക് വിശുദ്ധ കുർബാന എന്നത് ഒരു വ്യക്തിയനുഭവം എന്നതിനേക്കാൾ ഒരു സംസർഗ്ഗാനുഭവം ആയിരിക്കുന്നത്.

2. അപ്പം (Bread): അപ്പം സ്വീകരിച്ചപ്പോൾ അവരുടെ കണ്ണുകൾ തുറക്കപ്പെട്ടു. അവർ അവനെ തിരിച്ചറിഞ്ഞു. ബലിയർപ്പണത്തിൽ ദിവ്യകാരുണ്യ സ്വീകരണത്തിൽ അവനെ അനുഭവിക്കുന്നു.

3. വചനം (Word): എമ്മാവൂസിലേയ്ക്കുള്ള യാത്രയ്ക്കിടെ അവൻ്റെ വചനങ്ങൾ ശ്രവിച്ചപ്പോൾ അവരുടെ ഹൃദയങ്ങൾ ജ്വലിച്ചു. അവർ സന്ദേശം സ്വീകരിക്കുക മാത്രമല്ല, സന്ദേശകനെ സ്വീകരിക്കുക കൂടി ചെയ്തു.

കണ്ടും തൊട്ടും വിശ്വസിച്ച തോമാശ്ലീഹായുടെ വിശ്വാസം, കാണാതെ വിശ്വസിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന ക്രൈസ്തവർ ദിവ്യകാരുണ്യ അപ്പത്തിലൂടെയും, തിരുവചനത്തിലൂടെയും, ദൈവജന സംസർഗ്ഗത്തിലൂടെയും ഓരോ വിശുദ്ധ ബലിയിലും യേശുവിന്റെ സാന്നിധ്യം അനുഭവിക്കുന്നു. ആമ്മേൻ.

ഫാ.ജെറി വള്ളോംകുന്നേൽ MCBS, സത്താറ