ലത്തീൻ ജൂൺ 22 മത്തായി 6: 24-34 ദൈവാശ്രയം

“രണ്ട് യജമാനന്മാരെ ശുശ്രൂഷിക്കാൻ സാധിക്കുകയില്ല” (വാക്യം 24).

പ്രവൃത്തികള്‍ക്ക്‌, ചിന്തകളും വികാരങ്ങളുമായി പൊരുത്തമില്ലാത്ത അവസ്ഥ ഉളവാക്കുന്ന മാനസികരോഗത്തിന് മനഃശാസ്‌ത്രത്തിൽ “സ്‌കിസോഫ്രീനിയ” എന്ന് വിളിക്കുന്നു. ഇതുപോലെ പ്രായോഗിക ജീവിതത്തിൽ രണ്ട് യജമാനന്മാർ ഉണ്ടായാൽ അവർ മത്സരാധിഷ്ഠിതമായി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുമെന്നതിനാൽ തന്നെ രണ്ടുപേർക്കും വിധേയനായിരിക്കാൻ ഒരുവനാല്‍ സാധ്യമല്ല.

ലോകത്തിൽ മനുഷ്യന്, “ദൈവം“, “മാമോൻ” (സൃഷ്‌ട-വസ്‌തുക്കൾ) എന്നീ രണ്ട് യജമാനന്മാർ ഉണ്ടാകാം. മനുഷ്യജീവിതത്തിൽ മാമോൻ യജമാനനായി മാറുമ്പോൾ സ്വഭാവേന ദൈവം ദാസനായി മാറുന്നു. അതായത് ലോകം, ധനം, സ്ഥാനമാനം, പ്രശസ്തി തുടങ്ങിയവ മനുഷ്യജീവിതത്തിൽ ദൈവങ്ങളാകുമ്പോൾ സത്യദൈവം മനുഷ്യഹൃദയത്തിൽ നിന്നും കുടിയിറക്കപെടുകയും അങ്ങനെ ദൈവത്വത്തെ ദാസ്യവൽക്കരിക്കുന്ന മേല്‍കീഴ്മറിഞ്ഞ (topsyturvy) ഒരു ലോകം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.

ഈ ജീവിതശൈലിയിൽ ദൈവത്തിൻ്റെ സ്നേഹത്തെയും കാരുണ്യത്തെയും പരിപാലനത്തെയും തിരസ്‌കരിക്കാനും ലോകത്തെ ആശ്ലേഷിക്കാനും മാമോൻ മനുഷ്യനെ നിർബന്ധിക്കുമ്പോൾ അത് അവരെ ഉത്കണ്‌ഠകുലരാക്കുന്നു. ആധുനിക ലോകത്തിൻ്റെ നിർണ്ണായക ശക്തികളായ സമ്പദ്‌ഘടനയും സാങ്കേതികവിദ്യയും വളർത്തുന്ന  മത്സരബുദ്ധി ഇന്നിനെ ഒരു “ഉല്‍കണ്‌ഠയുടെ കാലഘട്ടം” ആക്കി മാറ്റിയിട്ടുണ്ട്. മനുഷ്യൻ ദൈവത്തിൻ്റെ സ്ഥാനത്ത് ആധുനികലോകത്തിലെ മാമോന്മാരായ സമ്പദ്‌ഘടനയെയും സാങ്കേതികവിദ്യയെയും പ്രതിഷ്‌ഠിക്കുന്നതിൻ്റെ ഫലമാണിത്.

ആകാശത്തിലെ പക്ഷികളും വയലിലെ ലില്ലികളും പഠിപ്പിക്കുന്ന ദൈവാശ്രയമാണ് മനസുകളിൽ പ്രശാന്തത നിറക്കുന്നത്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ