ലത്തീൻ ജൂൺ 21 മത്തായി 6: 19-23 ആരോഗ്യനയനം

കണ്ണാണ് ശരീരത്തിന്റെ വിളക്ക്‌. കണ്ണ്‌ കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും (മത്തായി 6: 22).

പൊടിപുരണ്ട ജാലകങ്ങൾ, മുറിയിലേയ്ക്കുള്ള പ്രകാശത്തിന്റെ പ്രവേശനം  തടയുന്നതുപോലെ, തിമിരബാധിതമായ കണ്ണുകൾ പ്രകാശത്തെ ശരീരത്തിലേയ്ക്ക് പ്രവേശിക്കുന്നത് തടയുന്നതുപോലെ മനുഷ്യന്റെ ചില മനോഭാവങ്ങൾ സഹജർക്ക്  നമ്മുടെ ഹൃദയത്തിലേയ്ക്ക് പ്രവേശിക്കുന്നതിന് തടസ്സം ആകാം.

1. മുൻവിധികൾ (Prejudices):- ഭാഷ, വർണ്ണം, മതവിശ്വാസം, ജാതി, പൗരത്വം,  ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള മുൻവിധികൾ മറ്റുള്ളവരെ അവരുടെ മനുഷ്യത്വത്തിന്റെ മഹത്വത്തിൽ ദർശിക്കുന്നതിന് തടസ്സം സൃഷ്ടിക്കാം.

2. അസൂയ (Jealousy):- മറ്റുള്ളവരെക്കുറിച്ചുള്ള നമ്മുടെ വീക്ഷണങ്ങളെ വികൃതമാക്കുകയും അവരെ ശത്രുക്കളായി കാണുന്നതിന് പ്രേരിപ്പിക്കുകയും ചെയ്യാം.

3. അഹംഭാവം (Pride):- അഹങ്കാരം എന്ന മനസ്സിന്റെ ഭാവം മറ്റുള്ളവരെ ചെറുതായി കാണുന്ന പ്രവണതയിലേയ്ക്ക് നയിക്കുന്നു.

ആന്തരീക-ആത്മീയ നയനമായ മനസിന്റെ ആരോഗ്യത്തെ തിട്ടപ്പെടുത്തുന്നതിന് ഏറ്റവും ഫലപ്രദമായ വഴി എന്നത് മറ്റുള്ളവരോടുള്ള മനോഭാവങ്ങളെ നിരന്തരമായി വിലയിരുത്തുക എന്നതാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ