ലത്തീൻ ജൂണ്‍ 16 യോഹ. 16: 12-15 (പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ) വൈവിധാത്മക ഐക്യം

പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ്‌. അതുകൊണ്ടാണ്‌ എനിക്കുള്ളവയില്‍ നിന്ന് സ്വീകരിച്ച്‌ അവന്‍ നിങ്ങളോട് പ്രഖ്യാപിക്കും എന്ന് ഞാന്‍ പറഞ്ഞത്‌ (യോഹ. 16:15).

“ദൈവത്തിൽ മൂന്ന് വ്യക്തികൾ ഉണ്ടെന്നും എന്നാൽ ഈ മൂന്ന് വ്യക്തികൾ അവിഭാജ്യമാംവിധം സ്നേഹത്തിൽ ഐക്യപ്പെട്ടിരിക്കുന്നു” എന്നതും ക്രൈസ്‌തവ വിശ്വാസ സത്യങ്ങളിൽ ഏറ്റവും  ഉൽകൃഷ്ടമായതാണ്. പരിശുദ്ധ ത്രിത്വ തിരുനാൾ ഐക്യത്തിന്റെ ആഘോഷമാണ്. രണ്ട് വിധത്തിലാണ് ത്രിത്വത്തിന്റെ ഐക്യം നിർവ്വചിക്കാവുന്നത്.

1. അസ്തിത്വത്തിലെ ഐക്യം (Unity in Being):- കത്തുന്ന മൂന്ന് തിരികളുടെ നാളങ്ങൾ ഒന്നിച്ചുവയ്ക്കുമ്പോൾ ഒരു നാളമായി കത്തുന്നതുപോലെ  വ്യക്തികളെങ്കിലും ദൈവിക അസ്തിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നായിരിക്കുന്നു. അതുപോലെ ഒരു കുടുംബത്തിലെ അംഗങ്ങൾ വ്യത്യസ്തരെങ്കിലും സ്നേഹത്തില്‍ ഒന്നായിരിക്കാനുള്ള ചൈതന്യമാണ് പരിശുദ്ധ ത്രിത്വം നൽകുന്നത്

2. പ്രവൃത്തിയിലെ ഐക്യം (Unity in Function):- പിതാവിന്റെ പ്രവൃത്തി സ്രഷ്ടിയും പുത്രന്റേത് രക്ഷയും പരിശുദ്ധാത്മാവിന്റേത് പരിപാലനയും ആണ്. എങ്കിലും ഈ മൂന്ന് പ്രവൃത്തികളും ഒന്നിച്ച് താളാത്മകമായിട്ടാണ് നിര്‍വ്വഹിക്കപ്പെടുന്നത്. ഒരു ശരീരത്തിലെ പല അവയവങ്ങൾ താളാത്മകമായി തങ്ങളുടെ പ്രവർത്തനങ്ങൾ നിർവ്വഹിക്കുമ്പോൾ ജീവൻ നിലനിൽക്കുന്നതു പോലെ.

ഒരു കുടുംബത്തിലെ വ്യത്യസ്തരായ അംഗങ്ങൾ അസ്തിസ്ത്വത്തിലും പ്രവർത്തനത്തിലും വ്യത്യസ്തതകളെ താളാത്മകമായി ഒരുമിപ്പിക്കുമ്പോളാണ് കുടുംബങ്ങൾ ത്രിത്വാത്മക കുടുംബങ്ങളാകുന്നത്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ