ലത്തീൻ ജൂൺ 15 മത്തായി 5: 33-37 ഉല്‍കൃഷ്‌ഠത ശിഷ്യത്വം

“നിങ്ങളുടെ വാക്കുകൾ ‘അതെ’ ‘അതെ’ എന്നോ, ‘അല്ല’ ‘അല്ല’ എന്നോ ആയിരിക്കട്ടെ” (വാക്യം 37).

പ്രസ്താവനകളെക്കുറിച്ച് ഉറപ്പ് കൊടുക്കുന്നതിനായി ദൈവത്തിന്റെയും മാതാപിതാക്കളുടെയും നാമത്തിൽ ആണയിടുന്ന പതിവ് പൗരാണിക കാലങ്ങളിൽ ഉണ്ടായിരുന്നു. ഇന്നും ചില സംസ്‌കാരങ്ങളിൽ അത് നിലവിലുണ്ട്.

യേശുവിന്റെ കാലത്ത് മൂന്ന് പേരുകളിലാണ് യഹൂദർ ആണയിട്ടിരുന്നത്; ദൈവം, സ്വർഗ്ഗം, ദൈവാലയം.

ആധുനിക കാലഘട്ടത്തിൽ ഉത്തരവാദിത്വങ്ങളും സ്ഥാനങ്ങളും ഏറ്റെടുക്കുന്നതിനു മുമ്പും നിയമക്കോടതികളിൽ സാക്ഷ്യമൊഴി നൽകുന്ന വേളയിലും മറ്റും ബൈബിളിലോ ഖുറാനിലോ തൊട്ട് പ്രതിജ്ഞയെടുക്കുന്ന പതിവുമുണ്ട്.

ക്രൈസ്തവ പാരമ്പര്യത്തിൽ വൈവാഹിക സമർപ്പണം, ദമ്പതികൾ വാഗ്‌ദാനം ചെയ്യുന്നതും ബൈബിളിൽ തൊട്ടുകൊണ്ടാണല്ലോ! കള്ളസാക്ഷ്യങ്ങളെയും മിഥ്യാശപഥങ്ങളേയും ഒഴിവാക്കാനാണല്ലോ ഇപ്രകാരം ചെയ്യുന്നത്. ലളിതവും സുതാര്യവും വിശ്വസിക്കാവുന്നതും നിഷ്‌കപടവും സത്യസന്ധവും നീതിപൂര്‍വ്വകവുമായ ശൈലികളാണ് വാക്കുകളിലും പ്രവൃത്തിയിലും ദൈവമക്കൾക്ക് ഉണ്ടായിരിക്കേണ്ടത്.

ഉല്‍കൃഷ്‌ഠത ശിഷ്യത്വം ജീവിക്കുന്ന ഒരു യഥാർത്ഥ ക്രിസ്തുശിഷ്യന്‌ തൻ്റെ ശിഷ്യത്വത്തിൻ്റെ  ഉല്‍കൃഷ്‌ഠത തെളിയിക്കാൻ പ്രതിജ്ഞകളുടെ ആവശ്യം ഇല്ല. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ