ലത്തീൻ ജൂൺ 12 മത്തായി 5: 17-19 നിയമങ്ങളുടെ പൂർണ്ണത

“നിയമങ്ങൾ അസാധുവാക്കാനല്ല മറിച്ച്, പൂർത്തിയാക്കാനാണ് ഞാൻ വന്നിരിക്കുന്നത് ” (വാക്യം 17).

രാഷ്‌ട്രീയ നിയമങ്ങൾ എപ്പോഴും ധാര്‍മ്മികനിയമങ്ങൾ ആകണമെന്നില്ല. ഉദാഹരണത്തിന്, ചില രാജ്യങ്ങളിൽ വധശിക്ഷ നിയമാനുസൃതമായിരിക്കാം. എന്നുകരുതി അത് ധാര്‍മ്മികമാണെന്ന് അർത്ഥമില്ല. രാഷ്‌ട്രീയനിയമങ്ങൾ പൗരാവകാശങ്ങളുമായി ബന്ധപ്പെട്ടതെങ്കിൽ, ധാർമ്മികനിയമങ്ങൾ ആത്മാവിൻ്റെ സംരക്ഷണവുമായി ബന്ധപ്പെട്ടതാണ്. രാഷ്‌ട്രീയനിയമങ്ങളുടെ ലംഘനം ഒരു കുറ്റകൃത്യമായി കണക്കാക്കപ്പെടുമ്പോൾ ധാർമ്മികനിയമങ്ങളുടെ ലംഘനം പാപമാണ്.

പൗരബന്ധങ്ങളിൽ നിന്നും രാഷ്ട്ര നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്നും  രാഷ്‌ട്രീയനിയമങ്ങൾ ഉടലെടുക്കുന്നുവെങ്കിൽ, ധാർമ്മികനിയമങ്ങൾ ഉടലെടുക്കുന്നത് ദൈവത്തിൻ്റെ സ്വഭാവത്തിൽ നിന്നുമാണ്. അതിനാൽ ദൈവികസ്വഭാവത്തിൻ്റെ പ്രകാശനമാണ് ധാർമ്മികനിയമങ്ങൾ.

ഉദാഹരണത്തിന്, ദൈവം “സ്നേഹം” ആയതിനാൽ പരസ്‌പരം സ്നേഹിക്കുക എന്ന കൽപന അഥവാ ധാർമ്മികനിയമം നൽകപ്പെട്ടിരിക്കുന്നു (1 യോഹ. 4:8). പരസ്‌പരം ക്ഷമിക്കുവാൻ കൽപ്പിച്ചു, കാരണം ദൈവം കരുണയാണ്. എപ്പോൾ, ധാർമ്മികനിയമങ്ങൾക്ക് ദൈവികസ്വഭാവങ്ങളായ സ്നേഹം, കാരുണ്യം, ക്ഷമ എന്നിവ നഷ്ടപ്പെടുന്നുവോ അപ്പോൾ അവ അപൂർണ്ണങ്ങളായ് മാറുന്നു. ഈ പശ്ചാത്തലത്തിലാണ് നിയമങ്ങൾ അസാധുവാക്കാനല്ല മറിച്ച്, പൂർത്തിയാക്കാനാണ് ഞാൻ വന്നിരിക്കുന്നത് എന്ന് യേശു പ്രഖ്യാപിക്കുന്നത്.

എല്ലാ അധികാരങ്ങളുടെയും നാഥനായ ദൈവത്തിൻ്റെ സ്വഭാവങ്ങളായ  സ്നേഹം, കാരുണ്യം, ക്ഷമ എന്നിവ ഉൾകൊള്ളുന്ന നിയമങ്ങൾക്കു മാത്രമേ പൂർണ്ണതയുള്ളു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ