ലത്തീൻ ജൂൺ 11 മത്തായി 5: 13-16 ക്രൈസ്തവത്വം

“നിങ്ങൾ ലോകത്തിന്റെ ഉപ്പാണ്” (വാക്യം 13).

ഉപ്പിനെ മണലിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതിൻ്റെ “ഉപ്പുരസം” (saltiness) ആണ്. അതുപോലെ, ലോകത്തിൽ ക്രൈസ്തവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്നത് അവരിലെ “ക്രൈസ്തവത്വം” (Christianess) എന്ന് വിളിക്കാവുന്ന ദൈവികഗുണമാണ്. നാം ലോകത്തിന്റെ ഉപ്പായി മാറുന്നത് ഉപ്പിൽ കാണുന്ന ഗുണങ്ങൾ ക്രൈസ്തവജീവിതത്തിൻ്റെ ഭാഗമാക്കി മാറ്റുമ്പോഴാണ്.

ഉപ്പിൽ പൊതുവായി കാണുന്ന ഗുണങ്ങൾ നാലാണ്.

1. രുചി ഗുണം (Flavoring Mechanism): ഉപ്പ് ഭക്ഷണപദാര്‍ത്ഥങ്ങൾക്ക് രുചി പകരുന്നതുപോലെ, ക്രൈസ്തവർ തങ്ങളുടെ വാക്കുകൾ, സാന്നിധ്യം, പ്രവൃത്തി എന്നിവ വഴി ലോകത്തിൽ സ്നേഹത്തിൻ്റെയും കാരുണ്യത്തിന്റെയും രുചി പകരുന്നതിലൂടെ ലോകത്തിന്റെ ഉപ്പായി വർത്തിക്കുന്നു.

2. പരിരക്ഷണ ഗുണം (Preservative Mechanism): എളുപ്പം കേടുവന്നു പോകുന്ന ഭക്ഷണപദാര്‍ത്ഥങ്ങൾ കേടാകാതെ സൂക്ഷിക്കാന്‍ ഉപ്പ് ഉപയോഗിക്കുന്നതുപോലെ മൂല്യങ്ങളും ധര്‍മ്മങ്ങളും ഇടിവ് സംഭവിക്കുന്ന സമയങ്ങളിലും അവ പരിരക്ഷിക്കുക വഴി ക്രൈസ്തവവർ ലോകത്തിന്റെ ഉപ്പായി വർത്തിക്കുന്നു.

3. ശുദ്ധീകരണ ഗുണം (Purifying Mechanism): ഉപ്പുലായനിയിൽ മുക്കിവയ്ക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളിലെ വിഷകരമായ ദ്രവ്യങ്ങളെ ഉപ്പ് വലിച്ചെടുക്കുന്നതുപോലെ ചുറ്റുമുള്ള ലോകത്തിലെ തിന്മയും പാപകരമായവയെയും ശുദ്ധീകരിക്കുക വഴി ക്രൈസ്തവവർ ലോകത്തിന്റെ ഉപ്പായി വർത്തിക്കുന്നു.

4. രാസത്വരക ഗുണം (Catalytic Mechanism): ഉപ്പുരസം കലർത്തിയ ഉണക്കച്ചാണകത്തിന് രാസത്വരക ഗുണം അഥവാ എളുപ്പത്തിൽ തീ പകരാൻ സാധിക്കുന്നതുപോലെ പരിശുദ്ധാതമാവായ അഗ്നിയെ ജ്വലിപ്പിക്കുക വഴി ക്രൈസ്തവവർ  ലോകത്തിന്റെ ഉപ്പായി വർത്തിക്കുന്നു. ആമ്മേൻ.

+ ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ