ലത്തീൻ മെയ്‌ 31 ലൂക്കാ 1: 39-56 (സന്ദർശന തിരുനാൾ) സന്ദർശനരഹസ്യം

“മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേയ്ക്ക് തിടുക്കത്തിൽ യാത്ര പുറപ്പെട്ടു” (വാക്യം 39).

ഒറ്റനോട്ടത്തിൽ ഏലീശ്വായുടെ ഭവനത്തിലേക്കുള്ള മറിയത്തിൻ്റെ സന്ദർശനം, ബന്ധുക്കളായ രണ്ടു ഗർഭിണികളുടെ സ്വാഭാവിക സന്ദര്‍ശനമായി മാത്രമേ തോന്നുകയുള്ളൂ. എന്നാൽ, ആത്മീയപശ്ചാത്തലത്തിൽ ഗർഭസ്ഥശിശുവായ ദൈവപുത്രൻ, തൻ്റെ മുന്‍ഗാമിയായ സ്നാപകയോഹന്നാനെ സന്ദർശിക്കുന്ന വേളയാണിത്. ദൈവപുത്രൻ്റെ സന്ദർശനം എന്ന അർത്ഥത്തിലാണ് “സന്ദർശനം” ദൈവീകരഹസ്യമാകുന്നത്.

സന്ദർശനത്തിൻ്റെ പശ്ചാത്തലത്തിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്താൽ നടന്ന രണ്ട് നിഗൂഡസംഭവങ്ങൾ ഈ സന്ദർശനത്തിന് ദൈവീകരഹസ്യത്തിൻ്റെ അടിത്തറ നൽകുന്നു.

1. കന്യാത്വവും വന്ധ്യതയും (Virginity & Bareness): ഗർഭിണിയായ മറിയത്തിൻ്റെ  കന്യാത്വവും വന്ധ്യയായ എലിസബത്തിൻ്റെ ഗർഭധാരണവും മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമായ എന്നാൽ ദൈവിക കരങ്ങളാൽ നിവർത്തിതമായ നിഗൂഡതയുടെ രഹസ്യങ്ങളാണ്.

2. യോഹന്നാന്റെ ഉദരത്തിലെ കുതിച്ചുചാട്ടം (Leaping of John in the Womb): എലിസബത്തിൻ്റെ ഉദരത്തിലായിരുന്ന യോഹന്നാനാണ് മറിയത്തിൻ്റെ ഉദരത്തിലുള്ള ദൈവപുത്രൻ്റെ സാന്നിധ്യം എലിസബത്തിനെക്കാൾ മുമ്പേ ഗ്രഹിച്ചത്. പ്രായമോ മറ്റേതെങ്കിലും മാനുഷികശേഷിയോ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിന് അനിവാര്യമല്ല എന്നതിൻ്റെ വ്യക്തമായ തെളിവാണ് ഈ സംഭവം.

സന്ദർശന രഹസ്യത്തിൻ്റെ പശ്ചാത്തലത്തിൽ മറിയത്തിൻ്റെ ഗര്‍ഭാവസ്ഥ, മനുഷ്യർക്ക് ദൈവം സമ്മാനിച്ച “ആത്മീയഗർഭം” (Spiritual Pregnancy) എന്ന അവസ്ഥയെക്കുറിച്ച് നമ്മെ ഓർമ്മപ്പെടുത്തുന്നു. പരിശുദ്ധാതമാവിൻ്റെ ശക്തിയാൽ മറിയത്തിൻ്റെ ഉദരം പരിശുദ്ധാതമാവിൻ്റെ വാസസ്ഥാനമായി മാറിയതുപോലെ മാമ്മോദീസയിലൂടെ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ നമ്മുടെ ശരീരം ദൈവത്തിൻ്റെ വാസസ്ഥലമായി മാറിയിരിക്കുന്നതാണ് ആത്മീയ ഗർഭാവസ്ഥ.

മറിയം, എലിസബത്തിന്റെ ഭവനത്തിലേയ്ക്ക് ദൈവപുത്രനെ ഉദരത്തിൽ വഹിച്ചതുപോലെ ദൈവത്തിൻ്റെ ആലയങ്ങളായ ദൈവമക്കൾ ദൈവസാന്നിധ്യത്തെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രവർത്തനങ്ങളിലൂടെ മറ്റുള്ളവരിലേക്ക് സംവഹിക്കുമ്പോൾ ക്രൈസ്തവജീവിതത്തിൽ “സന്ദർശന രഹസ്യം” ദൈവീക രഹസ്യമായി മൂര്‍ത്തീകരിക്കപ്പെടുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ