ലത്തീൻ മെയ്‌ 22 യോഹ. 15: 1-8 സഹവാസം

“എന്നിൽ വസിക്കുവിൻ” (വാക്യം 4). ക്രിസ്തുവിലുള്ള ജീവിതത്തിൻ്റെ പ്രാധാന്യത്തെ വരച്ചുകാട്ടാനായി യേശു തിരെഞ്ഞെടുത്ത ഉപമയാണ് “മുന്തിരിവള്ളിയുടെയും ശാഖകളുടെയും” ഉപമ. ശാഖകൾ എപ്രകാരം തായ്ത്തണ്ടുമായി ഒരേ ജീവൻ പങ്കുവച്ചു നിലനിൽക്കുന്നുവോ അപ്രകാരമാകണം ഒരോ ക്രൈസ്തവനും ക്രിസ്തുവുമായുള്ള ഐക്യം. തായ്ത്തണ്ടിൽ നിന്നും മുറിച്ചുമാറ്റപ്പെട്ടാൽ പിന്നെ ശാഖയ്ക്ക് അസ്തിത്വമില്ല എന്നതുപോലെ ക്രിസ്തുവുമായി ഐക്യപ്പെട്ട് ജീവിച്ചില്ല എങ്കിൽ ക്രൈസ്തവനും ആത്മീയജീവനില്ല.

അവനിൽ വസിക്കുക എന്നതിനർത്ഥം അവൻ്റെ സ്നേഹത്തിൽ വസിക്കുക എന്നാണ്. “സ്നേഹത്തിലായിരിക്കുക” (to be in love) എന്നത് “സ്നേഹബദ്ധനാവുക” (fall in love) എന്നതിനേക്കാൾ ശ്രമകരമാണ്. കാരണം, ഒരു വ്യക്തിയുമായി സ്നേഹത്തിലായിരിക്കണമെങ്കിൽ ആ വ്യക്തിയെക്കുറിച്ച് ആഴമായ അറിവുണ്ടായിരിക്കണം. അങ്ങനെയെങ്കിൽ, യേശു സൂചിപ്പിക്കുന്ന “സ്നേഹത്തിൽ വസിക്കുക” (to remain in love) എന്നത് കുറച്ചുകൂടി അഗാധമായ സ്നേഹാനുഭവവും ജീവിതാവസാനം വരെ നീണ്ടുനിൽക്കുന്ന ഒരു നിയോഗവുമാണ്.

അവൻ്റെ സ്നേഹത്തിൽ വസിക്കാനുള്ള മൂന്ന് വഴികൾ സുവിശേഷം ഓർമ്മിപ്പിക്കുന്നു.

പ്രാർത്ഥന (Prayer): ദൈവവുമായുള്ള ഹൃദയസമ്പർക്കത്തിന് (heart to heart) പ്രാർത്ഥന സഹായിക്കുന്നു.

അനുസരണം (Obedience): ദൈവത്തിന് വസിക്കാൻ ഏറ്റവും അനുയോജ്യമായ ഇടമെന്നത് അനുസരണയുള്ള ഹൃദയമാണ്.

സഭാജീവിതം (Ecclesial Life): ക്രിസ്തീയ സാക്ഷ്യത്തിലൂടെയും കൗദാശിക ജീവിതത്തിലൂടെയുമാണ് സഭാജീവിതം നയിക്കുവാൻ സാധിക്കുക. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ