ലത്തീൻ മെയ്‌ 18 യോഹ. 14: 7-14 ദൈവദർശനം

“ഞങ്ങൾക്ക് പിതാവിനെ കാണിച്ചുതരിക” (വാക്യം 8).

റുഡോൾഫ് ഒട്ടോ എന്ന ദൈവശാസ്ത്രജ്ഞൻ ദൈവത്തെ, “അത്യതി സാധാരണവും എന്നാൽ വശീകരണസര്‍ത്ഥമായ രഹസ്യം” (a mystery that is tremendous yet fascinating) എന്നുമാണ് നിർവ്വചിച്ചിട്ടുള്ളത്. “ഗുരോ, ഞങ്ങൾക്ക് പിതാവിനെ കാണിച്ചുതരിക. ഞങ്ങൾക്ക് അതുമതി” (വാക്യം 8) എന്ന ഫിലിപ്പിൻ്റെ ചോദ്യത്തിൻ്റെ അർത്ഥം ഈ ദൈവദർശനത്തിനുള്ള മനുഷ്യൻ്റെ അഭിവാഞ്ജയുടെ പ്രകാശനമായി കരുതാം.

ദൈവത്തെ മുഖാഭിമുഖം കാണുകയെന്നത്‌ മരിക്കുന്നതിനു തുല്യമാണെന്ന ചിന്തയ്ക്കടിസ്ഥാനം ദൈവത്തിൻ്റെ തേജസ്‌ അഥവാ സ്വര്‍ഗ്ഗീയസൗന്ദര്യം എന്നത് മനുഷ്യന് ഉൾകൊള്ളാൻ സാധിക്കാത്തതാണ് എന്ന വിശ്വാസത്തിൽ നിന്നുമാണ് (പുറ. 33:20). അതിനാലാണ് യഹൂദാപാരമ്പര്യം “ദൈവത്തെ മുഖത്തോടു മുഖം കാണുക” എന്നത് മരണാനന്തരമുള്ള സ്വർഗ്ഗീയദർശനം മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതും മുൾപ്പടർപ്പ്, കാറ്റ്, തീയ്, മേഘം തുടങ്ങിയ പ്രതീകാത്മകമായ അടയാളങ്ങളിലൂടെ വെളിപ്പെടുത്തുന്നതും.

എങ്കിൽത്തന്നെയും പുതിയനിയമത്തിൽ “ആദി മുതൽ ദൈവത്തോട് കൂടെയായിരുന്നവനും ദൈവവുമായവൻ” (യോഹ. 1:1), വചനം മാംസമായി അവതരിച്ച ക്രിസ്തു, ദൈവപിതാവിൻ്റെ മുഖമാണ്. വിശ്വാസത്തിൻ്റെ പശ്ചാത്തലത്തിൽ മാത്രമാണ് മനുഷ്യനായ യേശുവിൻ്റെ മുഖത്ത് ദൈവത്തെ ദർശിക്കാനാകുക. ഇന്ന് സഭയിൽ കൗദാശികമായാണ് ദൈവദർശനം സാധിതമാകുന്നത്. ദിവ്യകാരുണ്യത്തിലെ ക്രിസ്തുസാന്നിധ്യം ദർശിക്കുകയും അനുഭവിക്കുകയും ചെയ്യാം. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ