ലത്തീൻ മെയ് 14 യോഹ. 15 :09-17 യാഗോചിത സ്‌നേഹം

“ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്‌പരം സ്നേഹിക്കുവിൻ” (വാക്യം 12).

ക്രൈസ്തവജീവിതത്തിൻ്റെ മർമ്മപ്രധാനവും അടിസ്ഥാനവുമായ സ്നേഹത്തിലധിഷ്ഠിതമായ ജീവിതത്തെക്കുറിച്ച് യേശു ശിഷ്യരെ ഓർമ്മപ്പെടുത്തുന്നു. ബൈബിൾ ചരിത്രത്തിൻ്റെ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ സ്നേഹത്തിൻ്റെ പരിശീലനത്തിലും വളർച്ചയിലും ഘട്ടംഘട്ടമായിട്ടുള്ള വളർച്ച കാണാൻ സാധിക്കും.

ഒന്നാമത്തേതിനെ ആനുപാതിക സ്നേഹത്തിൻ്റെ ഘട്ടം (Stage of Proportionate Love) എന്നുവിളിക്കാം. “അയൽക്കാരനെ സ്നേഹിക്കുക, ശത്രുവിനെ വെറുക്കുക” എന്നതായിരുന്നു സ്‌നേഹത്തിന്റെ പാലനത്തിന് സ്വീകരിച്ചിരുന്ന മാനദണ്ഡം. ഉദാഹരണത്തിന്, ആദിപിതാവായ ആദത്തിൻ്റെ  എട്ടാം തലമുറക്കാരനായ ലാമക്ക്, തന്നെ മുറിപ്പെടുത്തിയ മനുഷ്യനെ കൊലപ്പെടുത്തിയതിനെ പറ്റി തന്റെ ഭാര്യമാരുടെ മുൻപിൽ വീരവാദം മുഴക്കുന്നത് കാണാം (ഉൽ. 4:23). ആനുപാതിക സ്നേഹത്തിൽ സ്നേഹിക്കുന്നവർക്കു മാത്രമേ സ്നേഹം നൽകാൻ സമൂഹം കടപ്പെടുത്തിയിരുന്നുള്ളു.

രണ്ടാമത്തേതിനെ, അന്യോന്യസ്നേഹത്തിന്റെ (Mutual Love) ഘട്ടം എന്നുവിളിക്കാം. “നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക” (മത്തായി 22:39) എന്ന യേശു ബോധനമാണ് ഇതിന് അടിസ്ഥാനം. അതായത്, ഒരുവന് തൻ്റെ അയൽക്കാരനെ ആത്മാർഥമായി സ്നേഹിക്കണമെങ്കിൽ ആദ്യമേ തന്നെത്തന്നെ നിർവ്യാജമായി സ്നേഹിക്കണം. ഒരു വ്യക്തിയിൽ രണ്ടു തരത്തിലുള്ള ആത്മസ്നേഹങ്ങളുണ്ടാകാം; ആത്മാഭിമാനത്തിലധിഷ്ഠിതമായ നിര്‍വ്യാജമായ ആത്മസ്നേഹവും (True Self-Love), സ്വാർത്ഥതയിലധിഷ്ഠിതമായ വ്യാജ-ആത്മസ്നേഹവും (False-Self Respect). നിര്‍വ്യാജമായ ആത്മസ്നേഹമുള്ളവർക്കു മാത്രമേ തന്നെപ്പോലെ തന്റെ അയൽക്കാരനെയും സ്‌നേഹിക്കാനാകൂ.

മൂന്നാമത്തേതിനെ, യാഗോചിതസ്‌നേഹത്തിന്റെ (Sacrificial Love) ഘട്ടം എന്നുവിളിക്കാം. “ഞാൻ നിങ്ങളെ സ്‌നേഹിച്ചതു പോലെ നിങ്ങളും പരസ്‌പരം സ്നേഹിക്കുവിൻ” (യോഹ. 15:12). വിടവാങ്ങൽ പ്രഭാഷണത്തിൽ യേശു നൽകിയ പ്രബോധനമാണ് ഇതിനടിസ്ഥാനം. ഇവിടെ സ്‌നേഹപരിശീലനത്തിൻറെ മാനദണ്‌ഡം നിര്‍വ്യാജമായ ആത്മസ്നേഹമല്ല. മറിച്ച്, ദൈവസ്നേഹമാണ്. ദൈവം മനുഷ്യരെ സ്നേഹിച്ച മാതൃകയാണ്. ദൈവസ്നേഹത്തെ പൗലോസ്‌ശ്ലീഹാ വ്യാഖാനിക്കുന്നതു പോലെ “നാം പാപികളായിരിക്കെ ക്രിസ്തു നമുക്കു വേണ്ടി മരിച്ചു” (റോമ 5:8) എന്നതിലാണ് ദൈവത്തിന്റെ സ്നേഹം വെളിപ്പെടുന്നത്. അതായത്, യാഗോചിത സ്നേഹമെന്നത് മാനുഷീകപ്രവണതകളെ കവച്ചുവയ്ക്കുന്ന സ്‌നേഹത്തിന്റെ പ്രകടനമാണ്. ഇവിടെ സ്നേഹമെന്നത് ഒരു വൈകാരിക പ്രകടനമല്ല. മറിച്ച്, ഒരു നിയോഗമാണ്. ഈ സ്നേഹം നിരുപാധികവും നിത്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാണ്.

ക്രൈസ്തവർ ജീവിതത്തിൽ ഏറ്റെടുക്കേണ്ട വെല്ലുവിളി എന്നത് യാഗോചിത സ്‌നേഹത്തിന്റെതാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ