ലത്തീൻ ഏപ്രിൽ 06 യോഹ. 6:22-29 ജീവൻ്റെ അപ്പം

നശ്വരമായ അപ്പത്തിനു വേണ്ടി അദ്ധ്വാനിക്കാതെ മനുഷ്യപുത്രൻ തരുന്ന നിത്യജീവൻ്റെ അനശ്വരമായ അപ്പത്തിനു വേണ്ടി അദ്ധ്വാനിക്കുവിൻ” (വാക്യം 27).

അപ്പം വര്‍ദ്ധിപ്പിച്ച ശേഷം കഫർണാമിലേക്കു പോയ യേശുവിനെത്തേടി ജനക്കൂട്ടം അവൻ്റെ അടുക്കലെത്തുന്നു. അപ്പം വര്‍ദ്ധിപ്പിക്കലിൻ്റെ അർത്ഥം മനസിലായതു കൊണ്ടല്ല. മറിച്ച്, സൗജന്യമായി അപ്പം നൽകപ്പെടും എന്ന പ്രതീക്ഷയിലാണ് അവർ അവനെ പിന്തുടർന്നത്.

യേശു രണ്ടുതരം അപ്പത്തെക്കുറിച്ച് ഇന്നത്തെ സുവിശേഷത്തിൽ ഓർമ്മിപ്പിക്കുന്നു: “നശ്വരമായ അപ്പം” (Perishable Food), “നിത്യജീവൻ്റെ അപ്പം” (Bread of Eternal Life) എന്നിവയാണത്. നശ്വരമായ അപ്പം എന്നത് പ്രതിനിധാനം ചെയ്യുന്നത് മനുഷ്യർ ഭുജിക്കുന്ന അപ്പം മാത്രമല്ല, കൂടാതെ മനുഷ്യൻ ഈ ലോകത്തിൽ തേടുന്ന അധികാരം, സ്ഥാനമാനങ്ങൾ, ധനം, പേര്, പ്രശസ്തി എന്നിവയെയൊക്കെ അത് പ്രതിനിധീകരിക്കാം. നിത്യജീവൻ്റെ അപ്പം എന്നത് യേശുവിനെ തന്നെയാണ് സൂചിപ്പിക്കുക. വിശുദ്ധ ബലിയർപ്പണത്തിൽ അപ്പത്തിൻ്റെ രൂപത്തിൽ നാം അവനെ സ്വീകരിക്കുന്നു.

അതിനാൽ, അപ്പം എന്നത് ആവശ്യമായിരിക്കെത്തന്നെ നിത്യതയിലേക്കു നയിക്കുന്ന ജീവൻ്റെ അപ്പത്തെ അഥവാ ദിവ്യകാരുണ്യത്തെ തേടുക എന്നത് അതിനെക്കാൾ അത്യാവശ്യമാണ് എന്ന് യേശു തന്നെ ശ്രവിച്ചവരെ എന്നപോലെ നമ്മെയും ഓർമ്മിപ്പിക്കുന്നു.

അപ്പം ശരീരത്തിൻ്റെ നിലനിൽപ്പിന് ആവശ്യമായിരിക്കുന്നതു പോലെ ജീവൻ്റെ അപ്പം (ദിവ്യകാരുണ്യം) ആത്മാവിൻ്റെ നിലനിൽപ്പിന് ആവശ്യമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ