ലത്തീൻ മെയ് 03 യോഹ. 14:6-14 ദൈവീക ലെൻസ്

“എന്നെ കാണുന്നവൻ എൻ്റെ പിതാവിനെ കാണുന്നു” (വാക്യം 9)

ഒരു സൂക്ഷ്‌മദര്‍ശിനിയുടെ ലെന്‍സിലൂടെ നോക്കുമ്പോൾ അണുക്കളുടെയും, ജീവാണുക്കളുടെയും, കോശങ്ങളുടെയും, തന്മാത്രകളുടെയും ലോകം നമ്മുടെ നഗ്‌നനേത്രങ്ങൾക്ക് ദൃശ്യമാകും. അതുപോലെ തന്നെ ദൂര്‍ദര്‍ശിനിയിലൂടെ നോക്കുമ്പോൾ നക്ഷത്രങ്ങളും, ഗ്രഹങ്ങളും, ക്ഷീരപഥങ്ങളും, തമോഗര്‍ത്തങ്ങളും ഉൾകൊള്ളുന്ന പ്രപഞ്ചത്തിൻ്റെ അപരിമേയത ദൃശ്യമാകുന്നു. അതായത്, അജ്ഞാതമായി അവശേഷിക്കാവുന്ന ലോകങ്ങൾ നമ്മുടെ നേത്രങ്ങൾക്ക് മുമ്പിൽ തുറക്കപ്പെടുന്നു.

ദൈവമാണ് ഏറ്റവും വലിയ അജ്ഞാതസത്യം. നസ്രത്തിലെ യേശുവാണ് ഈ അജ്ഞാതസത്യത്തെ ലോകത്തിന് വെളിപ്പെടുത്തിയ ദൈവീക ലെൻസ്. അതുകൊണ്ടാണ് “എന്നെ കാണുന്നവൻ എൻ്റെ പിതാവിനെ കാണുന്നു” എന്ന് യേശു വെളിപ്പെടുത്തുന്നത്. നാം യേശുവിനെ നോക്കുമ്പോൾ ദൈവത്തെക്കുറിച്ചുള്ള ആഴമായ ഒരു ചിത്രം നമുക്ക് നൽകപ്പെടുന്നു. തർക്കങ്ങളോ വാദപ്രതിവാദങ്ങളോ അല്ല ‘ദൈവം’ എന്ന അപരിമേയമായ അജ്ഞാതസത്യത്തെക്കുറിച്ചുള്ള ജ്ഞാനം ലോകത്തിന് നൽകുന്നത്. മറിച്ച്,  യേശുവിൻ്റെ വാക്കുകളിലും പ്രവർത്തിയിലും ആണ്.

ആത്മാര്‍ത്ഥമായ ക്രിസ്താനുകരണത്തിൻ്റെ ജീവിതത്തിലൂടെ ദൈവത്തെ ലോകത്തിന് കാണിച്ചുകൊടുക്കുന്ന ദൈവീക ലെൻസുകളാകേണ്ടവരാണ് ക്രൈസ്തവവർ. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ