ലത്തീൻ ഏപ്രിൽ 26 യോഹ. 21:1-14 മനുഷ്യരെ പിടിക്കുന്നവരാകുവിന്‍

ഗലീലി കടലിലെ അത്ഭുതകരമായ മീൻപിടുത്തം ദൈവരാജ്യത്തിലേയ്ക്കായ് മനുഷ്യമക്കളെ വിളിച്ചുകൂട്ടുന്നതിന്റെ പ്രതീകപ്രവർത്തിയാണ്. അതായത്, മീൻപിടുത്തക്കാർ (fishermen) മനുഷ്യരെ പിടിക്കുന്നവരാകാന്‍ (fishers of men) വിളിക്കപ്പെടുന്ന രംഗം.

നൂറ്റിഅൻപത്തിമൂന്ന്‌ എന്നത് യേശുവിന്റെ കാലത്ത്‌ ജന്തുശാസ്ത്രജ്ഞർ ഭൂമുഖത്ത്‌ കണ്ടുപിടിച്ചിട്ടുള്ള ആകെ മത്സ്യവർഗ്ഗങ്ങളുടെ എണ്ണമാണ്. അതിനാൽ നൂറ്റിഅൻപത്തിമൂന്ന്‌ മത്സ്യങ്ങൾ ലോകത്തിലെ മുഴുവൻ ജനതതികളെയും പ്രതിനിധാനം ചെയ്യുന്നു. അപ്പോസ്തോലന്മാര്‍ ലോകത്തിലെ എല്ലാ ജനതതികളിൽ നിന്നും മനുഷ്യമക്കളെ ദൈവാരാജ്യത്തിലേയ്ക്ക് വിളിച്ചുകൂട്ടണം.

ക്രിസ്തുവിലൂടെ ദൈവമക്കളായിത്തീർന്ന നാമോരോരുത്തരും അപ്പസ്തോലന്മാരെ പോലെ നമുക്കു ചുറ്റുമുള്ള ലോകത്തിലെ മനുഷ്യമക്കളെ വിളിച്ചുകൂട്ടി ദൈവത്തിങ്കലേയ്ക്ക് നയിക്കാൻ കടപ്പെട്ടവരാണ്. ശാസ്ത്രീയ-സാമ്പത്തിക ലോകം നൽകുന്ന സങ്കീർണ്ണതകളും മത്സരബുദ്ധിയും മനുഷ്യനെ വേഗതയുടെയും തിരക്കിന്റെയും ഒരു സംസ്‌കാരത്തിൽ ജീവിക്കാൻ നിർബന്ധിക്കുന്ന പശ്ചാത്തലത്തിലും ദൈവത്തിനും ദൈവാരാജ്യത്തിനും വേണ്ടി മനുഷ്യരെ വിളിച്ചുകൂട്ടാൻ സമയവും സ്ഥലവും കണ്ടെത്തുക എന്നത് നമ്മുടെ ക്രൈസ്തവവിളിയുടെ ഒഴിച്ചുകൂടാനാകാത്ത ദൈവനിയോഗമാണ് എന്ന് സുവിശേഷം ഓർമ്മിപ്പിക്കുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ