ലത്തീൻ ഏപ്രിൽ 23 യോഹ. 20:11-18 നിത്യജീവൻ

യേശു പറഞ്ഞു: നീ എന്നെ തടഞ്ഞുനിര്‍ത്താതിരിക്കുക. എന്തെന്നാല്‍, ഞാന്‍ പിതാവിന്റെ അടുത്തേക്ക്‌ ഇതുവരെയും കയറിയിട്ടില്ല. നീ എന്റെ  സഹോദരന്മാരുടെ അടുത്തുചെന്ന്‌ അവരോട്‌ ഞാന്‍ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തിന്റെയും അടുത്തേക്ക്‌ ആരോഹണം ചെയ്യുന്നു എന്നുപറയുക (യോഹ. 20:17).

യേശുവിന്റെ ഉത്ഥാനമെന്നത് ഭൗമീകജീവിതത്തിലേയ്ക്കുള്ള ഒരു തിരിച്ചുവരവായിരുന്നില്ല. മറിച്ച്, അവന്റെ മർത്യശരീരത്തിന് രൂപാന്തരീകരണം സംഭവിച്ച്‌ മഹത്വവൽക്കരിക്കപ്പെട്ട ശരീരവുമായി ദൈവവുമായുള്ള സമ്പൂര്‍ണ്ണമായ ഐക്യത്തിലേക്കുള്ള പ്രവേശനമായിരുന്നു.

ഉത്ഥിതനായ ക്രിസ്തു, അതെ വ്യക്തി തന്നെയായിരുന്നുവെങ്കിലും ഉത്ഥിതശരീരത്തിൽ പ്രത്യക്ഷപ്പെട്ട അവനെ തിരിച്ചറിയാൻ അവൾക്ക് സാധിച്ചില്ല. അതിനാൽ “മേരി” എന്ന  സുപരിചിതവിളിയിൽ അവൾ ഗുരുവിനെ തിരിച്ചറിയുന്നു. മേരിയുടെ ഉത്ഥാനത്തെകുറിച്ചുള്ള വീക്ഷണം, ലാസർ മരണശേഷം ഉയിർപ്പിക്കപ്പെട്ട്  കൂടെ വസിച്ചതുപോലെ, ക്രിസ്തു തന്റെ മർത്യശരീരത്തിൽ തുടർന്നും കൂടെ ഉണ്ടായിരിക്കും എന്നതായിരുന്നു! പക്ഷെ, യേശു ഉത്ഥാനത്തിലൂടെ സംലഭ്യമാകുന്ന ആത്‌മാവിന്റെ നിത്യതയിലേയ്‌ക്കു ശ്രദ്ധ കേന്ദ്രികരിക്കാൻ അവളെ ഓർമ്മിപ്പിക്കുന്നു.

മേരിയോടുള്ള “എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തിന്റെയും അടുക്കലേക്ക് ഞാൻ പോകുന്നു” (വാക്യം 17) എന്ന ഉത്ഥിതവചനങ്ങൾ വിരൽചൂണ്ടുന്നത് ഉത്ഥാനത്തിലൂടെ ദൈവവുമായി നമുക്ക് ലഭിക്കുന്ന സമ്പൂർണ്ണ ഐക്യത്തിലേക്ക് അഥവാ നിത്യജീവനിലേയ്ക്കാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ