ലത്തീൻ മാർച്ച്‌ 22 മത്തായി 21:33-43; 45-46 കാര്യസ്ഥതാബോധം

അവനെ കണ്ടപ്പോള്‍ കൃഷിക്കാര്‍ പരസ്‌പരം പറഞ്ഞു: ഇവനാണ്‌ അവകാശി; വരുവിന്‍ നമുക്കിവനെ കൊന്ന്‌ അവകാശം കരസ്ഥമാക്കാം (മത്തായി 21:38). തിരഞ്ഞെടുത്ത ജനത്തെ സൂചിപ്പിക്കാൻ പഴയനിയമത്തിൽ പൊതുവായി ഉപയോഗിക്കുന്ന ഒരു പ്രതീകമാണ് മുന്തിരിത്തോപ്പ്. “സൈന്യങ്ങളുടെ കർത്താവിന്റെ മുന്തിരിത്തോട്ടം ഇസ്രായേൽ ഭവനമാണ് ” (ഏശയ്യാ 5:7).

മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ ദൈവമാണ്. പാട്ടക്കാരായ കൃഷിക്കാർ പ്രതിനിധാനം ചെയ്യുന്നത്, ഇസ്രായേൽ ജനതയുടെ മേല്‍നോട്ടദൗത്യം അഥവാ കാര്യസ്ഥത ഭരമേൽപ്പിക്കപ്പെട്ട പ്രധാനപുരോഹിതർ, ഫരിസേയർ, സദുക്കായർ എന്നിവരെയാണ്.

കാര്യസ്ഥരാൽ കൊല ചെയ്യപ്പെട്ട ഉടമസ്ഥര്‍ പ്രതിനിധാനം ചെയ്യുന്നത്, കാലാകാലങ്ങളിൽ കാര്യസ്ഥത ഏൽപ്പിക്കപ്പെട്ടവർ കെടുകാര്യസ്ഥതയുടെ മൂർത്തീകരണങ്ങളായപ്പോൾ ഓർമ്മപ്പെടുത്തലുകളുമായി എത്തിയ പ്രവാചകന്മാരെയാണ്.

കാര്യസ്ഥർ ഉടമസ്ഥരെപ്പോലെ പെരുമാറിയപ്പോൾ കാര്യസ്ഥത അവരിൽ നിന്നും എടുത്തുമാറ്റപ്പെട്ടു. അതായത്, ചരിത്രത്തിൽ രക്ഷണീയദൗത്യം യഹൂദ മേലാളന്മാരിൽ നിന്നും എടുത്തുമാറ്റപ്പെട്ട് തിരുസഭയ്ക്ക് ഭരമേൽപ്പിക്കപ്പെട്ടു.

ദുഷ്‌ടരായ കാര്യസ്ഥരുടെ ഉപമ മനുഷ്യകുലത്തിന്റെ സൃഷ്ടിയോടുള്ള കെടുകാര്യസ്ഥതയുടെ പ്രതീകാത്മകമായ ഒരു അവതരണമാകാം. ഇന്ന് മനുഷ്യകുലത്തിനും ലോകത്തിനും സംഭവിച്ചുകൊണ്ടിരിക്കുന്ന നിരവധി പ്രശ്നങ്ങൾ, പ്രതേകിച്ച് പരിതസ്ഥിതി പ്രശ്നങ്ങൾക്കു കാരണം “മനുഷ്യന് “കാര്യസ്ഥതാബോധം” (Sense of Stewardship) നഷ്ടമായി അബദ്ധമായ “ഉടമസ്ഥതാബോധം” (Sense of Ownership) കൊണ്ട് നയിക്കപ്പെടുന്നതിനാലാണ് എന്നുപറയാം.

അബദ്ധമായ ഉടമസ്ഥതാബോധം വസ്തുക്കളുടെയും മറ്റും മനുഷ്യരിൽ അധീനത്വ മനോഭാവം (Possessiveness) ജനിപ്പിക്കുമ്പോൾ അത് അവരെ സൃഷ്ടിയുടെ ദുരുപയോഗത്തിലേക്ക് നയിക്കുന്നു. എന്നാൽ, കാര്യസ്ഥതാബോധം ജനിപ്പിക്കുന്നത് ഉത്തരവാദിത്വ മനോഭാവമാണ് (Accountability). മരണശേഷം ഒന്നും – സ്വന്തം ശരീരം പോലും കൂടെ കൊണ്ടുപോകുവാൻ സാധിക്കുകയില്ല എന്നത് ദൈവസൃഷ്ടിയുടെ കാര്യസ്ഥത ഏതാനും വർഷത്തേക്ക് ഏൽപ്പിക്കപ്പെട്ടവരാണ് തങ്ങൾ എന്ന് ചിന്തിക്കുവാൻ മനുഷ്യനെ സഹായിക്കുന്നു.

ദൈവമാണ് എല്ലാത്തിന്റെയും ഉടമസ്ഥൻ. മനുഷ്യർ കാര്യസ്ഥർ മാത്രമാണ് എന്ന തിരിച്ചറിവ് മനുഷ്യനെ ദൈവസൃഷ്ടിയുടെ ഉല്‍കൃഷ്‌ഠ കാര്യസ്ഥരാക്കി മാറ്റുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ