ലത്തീൻ ഒക്‌ടോബർ 04 ലൂക്കാ 10:1-12 കാൽപൊടി തട്ടൽ

“…… നിങ്ങളുടെ പാദങ്ങളിലെ പൊടി തട്ടിക്കളയുവിൻ” (വാക്യം 11) 

വിജാതീയ ദേശങ്ങൾ അശുദ്ധിയുടെ സ്ഥലങ്ങളാണ് എന്ന് യഹൂദർ വിശ്വസിച്ചിരുന്നതിനാൽ അവിടങ്ങളിൽ അബദ്ധത്തിൽ പ്രവേശിക്കുന്നത് പോലും അശുദ്ധി ക്ഷണിച്ചുവരുത്തുമെന്ന്  അവർ കരുതിയിരുന്നു. അതിനാൽ വീണ്ടും യഹൂദ ദേശത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ശുദ്ധീകരണ കർമ്മമെന്നോണം അവർ തങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുന്ന പതിവ് നിലനിന്നിരുന്നു.

യേശു ശിഷ്യൻമ്മാർ തങ്ങളുടെ ദൗത്യയാത്രകളിൽ തിരസ്കരണം അനുഭവിക്കേണ്ടി വരുമ്പോൾ അതെ കർമ്മം തന്നെ ചെയ്യാൻ ആവശ്യപെടുന്നു.  ഒരു പ്രതികാരത്തിന്റെ പ്രവർത്തിയായിട്ടല്ല, മറിച്ചു ക്ഷമയുടെ പ്രവർത്തിയായിട്ടാണ് ശിഷ്യർ അത് ചെയ്യേണ്ടത്.

സുവിശഷ സാക്ഷ്യം എന്ന ദൗത്യം എല്ലായിപ്പോഴും സ്വീകരിക്കപ്പെടണമെന്നില്ല. പലപ്പോഴും അത് തിരസ്കരിക്കപ്പെടുകയോ, പരിഹസിക്കപെടുകയോ ചെയ്യപ്പെടാം. “പൊടി” തിരസ്കരണം സമ്മാനിക്കുന്ന മനോവേദനയുടെയും വിദ്വേഷ ചിന്തകളുടെയും പ്രതീകമായി കാണാം. അതിനാൽ “കാലിലെ പൊടി തട്ടിക്കളയുക” എന്ന പ്രവൃത്തിയുടെ അർത്ഥം  വിദ്വേഷ ചിന്തകളെയും അവിടെ തന്നെ ഉപേക്ഷിച്ചു സ്വതത്ര മനസോടെ വേണം ദൗത്യ നിർവഹണത്തിനായ് ശിഷ്യർ മറ്റൊരിടത്തേക്ക് പോകേണ്ടത് എന്നർത്ഥം.

ക്രിസ്തു ശിഷ്യന് ഫലവത്തായ ക്രൈസ്തവ സാക്ഷ്യ നിർവഹണത്തിന് പലപ്പോഴും പ്രതിബന്ധമാകുന്നത് തിരസ്കരണങ്ങളും പരിഹാസങ്ങളും  സ്രഷ്ട്ടിക്കുന്ന വികാരങ്ങളാൽ നിയന്ത്രിക്കപെടുന്ന സാഹചര്യങ്ങളാണ്. ആമ്മേൻ

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.