ലത്തീൻ ആഗസ്റ്റ് 04   ലൂക്കാ 4:31-37 “പൈശാചിക ബഹിഷ്‌കരണം”

“മിണ്ടരുത്, അവനെ വിട്ടുപോകു”. (വാക്യം 35)

നൻമ്മയും തിൻമ്മയും തമ്മിലുള്ള  സംഘര്‍ഷം ഏതൊരു മനുഷ്യൻറെയും ആന്തരീക ജീവിതത്തിന്റെ അനുദിന അനുഭവമാണ്. ദൈവം തൻറെ ഉൽകൃഷ്ടവും നിസ്വാർത്ഥവുമായ സ്നേഹത്താൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെ ദൈവവചനത്തിലൂടെയും കൂദാശകളിലൂടെയും രക്ഷയുടെ അനുഭവം നൽകുന്നുണ്ടെങ്കിലും മനുഷ്യന്റെ ആന്തരീക ജീവിതത്തെ നയിക്കാനുള്ള തൻ്റെ  പ്രവർത്തനങ്ങൾ പിശാച് തുടർന്നുകൊണ്ടിരിക്കുന്നു.

പാപം മൂലം മനുഷ്യനിൽ ഉണ്ടായ അധഃപതന-സ്വഭാവം (Fallen-state) ചിലപ്പോൾ അന്ധകാരശക്തികളുമായി രഹസ്യധാരണയിൽ എത്തുകയും അങ്ങനെ പൈശാചിക ശക്തികൾ ആത്മീയ ജീവിതത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നതാണ് ഒരർത്ഥത്തിൽ പിശാചുബാധ. മിണ്ടരുത്, അവനെ (എന്നെ) വിട്ടുപോകു” എന്ന  പൈശാചിക ബഹിഷ്‌കരണത്തിന്റെ വാക്കുകൾ അന്തരാത്മാവിൽ എന്നും ഉരുവിടേണ്ട വാക്കുകളാണ്.

പ്രത്യാശ കൈവെടിയുന്നത് പൈശാചിക ശക്തികൾക്ക് മനുഷ്യജീവിതത്തിൽ നിയന്ത്രണശക്തി നൽകുമെന്നതിനാൽ വിശ്വാസശക്തിയാൽ അനുദിനവും അവയെ നിയന്ത്രിക്കുകയും പുറത്താക്കുകയും ചെയ്യുക എന്നത് ആത്മീയ ജീവിതത്തിലെ നിലനിൽപ്പിന് അത്യാവശ്യമാണ്. ആമ്മേൻ

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.