ലത്തീൻ ജൂൺ 12 ലുക്കാ 2: 41-51 (മാതാവിന്റെ വിമലഹൃദയം) വിമലഹൃദയങ്ങൾ

ഒരു മുൾക്കിരീടത്താൽ ചുറ്റപ്പെട്ടതായിട്ടാണ് ബഹുജന ചിത്രീകരണങ്ങളിൽ യേശുവിന്റെ തിരുഹൃദയം അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ മറിയത്തിന്റെ വിമലഹൃദയം വാളിനാൽ തുളച്ചുകയറപ്പെട്ടതായിട്ട് അവതരിപ്പിക്കപ്പെടുന്നു. ഈ രണ്ടു ഹൃദയങ്ങളും മനുഷ്യകുലത്തിന്റെ രക്ഷാർത്ഥം സഹിച്ച ഹൃദയങ്ങൾ എന്ന് അർത്ഥം. മറിയത്തിന്റെ “വിമലത്വം” അഥവാ നിർമ്മലത്വം മനസിലാക്കേണ്ടത് പാപക്കറ കൂടാതെയും നിര്‍ദ്ദോഷമായും ജനിച്ച അവളുടെ അമലോത്ഭവത്തിന്റെ പശ്ചാത്തലത്തിലാണ്.

“തിരുഹൃദയം” പാപക്കറ പൂണ്ട മനുഷ്യകുലത്തോടുള്ള അഗാധവും നിരുപാധികവുമായ സ്‌നേഹത്തിന്റെ അടയാളമെങ്കിൽ “വിമലഹൃദയം” ദൈവസ്നേഹത്തോടുള്ള ഏറ്റവും ഉല്‍കൃഷ്‌ഠമായ പ്രതികരണത്തിന്റെ ആവിഷ്‌ക്കരണമാണ്. മറിയത്തിന്റെ ഹൃദയത്തെപ്പോലെ പാപസ്പർശനമേൽക്കാതെ എപ്പോഴും ദൈവേഷ്ടത്തിന് പ്രഥമസ്ഥാനം കൊടുക്കുന്ന, ദൈവത്തിനു വേണ്ടി മാത്രം സ്‌പന്ദിക്കുകയും സഹിക്കുകയും ചെയ്യുന്ന മനുഷ്യഹൃദയങ്ങൾ വിശാലമായ അർത്ഥത്തിൽ വിമലഹൃദയങ്ങളാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.