ലത്തീൻ ജൂൺ 06 യോഹ 17:20-26 സഭൈക്യം

“അവരെല്ലാവരും ഒന്നായിരിക്കുവാൻ വേണ്ടി….” (വാക്യം 21)

പിതാവിനോടുള്ള പ്രാർത്ഥനയിൽ യേശുവിൻറെ ഏറ്റവും വലിയ സ്വപ്‌നമാണ് വെളിപ്പെടുത്തപ്പെടുന്നത്:- “തന്നിൽ വിശ്വസിച്ചവരുടെ ഐക്യം” അഥവാ തൻ്റെ മൗതീക ശരീരത്തിൻ്റെ ഏകത്വം.

എന്നാൽ നിർഭാഗ്യവശാൽ പല കാരണങ്ങളാൽ പരസ്പരം മത്സരിക്കുകയും കലഹിക്കുകയും ചെയ്യുന്ന നാൽപ്പത്തിനായിരത്തിലധികം സഭ വിഭാഗങ്ങൾ ഇന്ന് ഉണ്ട് എന്നത് വേദനാജനകമായ സത്യമാണ്. ക്രൈസ്തവസാക്ഷ്യത്തിന് ഏറ്റവും വലിയ എതിർസാക്ഷ്യമായി ക്രിസ്തുവിൻ്റെ മൗതീക ശരീരം വിഭജിക്കപ്പെട്ടിരിക്കുന്നു! സഭാ തലത്തിൽ മാത്രമല്ല ഗാർഹിക സഭയായ കുടുംബത്തലത്തിലും ഭിന്നിപ്പ് ദൃശ്യമാണ്.

ഭിന്നിപ്പിലായിരിക്കുന്ന സഭാ മക്കളെ ഒന്നിപ്പിക്കാൻ നടത്തുന്നതെല്ലാം; പ്രാർത്ഥനയോ പ്രവർത്തനമോ ഏതുതന്നെയായാലും അതിൽ സ്വർഗ്ഗം സന്തോഷിക്കുന്നു. സഭൈക്യത്തിന് വേണ്ടി പരിശ്രമിക്കുന്നവർ യേശുവിൻ്റെ സ്വപ്‌നമാണ് മനസ്സിൽ കാണുന്നതും സാക്ഷാത്ക്കരിക്കുന്നതും. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ