ഈശോയുടെ അന്ത്യത്താഴ മുറി 

ഈശോ തന്റെ അവസാനത്തെ അത്താഴത്തിനായി തിരഞ്ഞെടുത്ത സ്ഥലം സീയോൻ  മലമുകളിലെ ഊട്ടുശാലയാണ്. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ഈ ഊട്ടുശാല. ഇവിടെ വെച്ചാണ് ഈശോ വിശുദ്ധ കുർബാനയും പൗരോഹിത്യവും സ്ഥാപിച്ചത്. കൂടാതെ പന്തക്കുസ്താ  തിരുനാളിൽ കന്യാമറിയത്തിന്റെ ഒപ്പം പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ പരിശുദ്ധാത്മാവ് തീനാളങ്ങളുടെ രൂപത്തിൽ ഇറങ്ങിവന്നതും ഇതേ സ്ഥലത്തു വെച്ച് തന്നെയായിരുന്നു. ലോകത്തിലെ മറ്റു എല്ലാ ദേവാലയങ്ങളുടെയും മാതൃദേവാലയമായിയാണ് ഈ ദേവാലയം അറിയപ്പെടുന്നത്.

ഈശോയുടെ അന്ത്യത്താഴം നടന്ന ഊട്ടുമുറി സ്ഥിതിചെയ്യുന്ന സീയോൻമല പുരാതന ജറുസലെം നഗരത്തിനു വെളിയിലായിയാണ് ഇന്ന് സ്ഥിതിചെയ്യുന്നത്. ഈശോയുടെ സമയത്തു അത് ജറുസലേം നഗരത്തിന്റെ ഭാഗമായിരുന്നു. നാലാം നൂറ്റാണ്ടു മുതലാണ് ഈ ദേവാലയം അറിയപ്പെട്ടു തുടങ്ങുന്നത്. പീഡനങ്ങളുടെ കാലം അവസാനിച്ച ശേഷം ഈ ഊട്ടുശാല പുതുക്കിപ്പണിതു. രണ്ടു നിലകളിലായി പണിത ഈ ദേവാലയത്തിന്റെ താഴത്തെ നില ഈശോയുടെ കുർബാന സ്ഥാപനത്തെയും കാലുകഴുകൾ ശുശ്രൂഷയെയും അനുസ്മരിപ്പിക്കുന്നു. മുകളിലത്തെ നില പന്തക്കുസ്താതിരുനാളിനെയും അനുസ്മരിപ്പിക്കുന്നു.

ഏഴാം നൂറ്റാണ്ടിൽ പേർഷ്യക്കാരാൽ തകർക്കപ്പെട്ട ഈ ദേവാലയം പന്ത്രണ്ടാം നൂറ്റാണ്ടോടുകൂടി പുതുക്കിപ്പണിയുകയും മാതാവിന്റെ ബസലിക്കയായി അറിയപ്പെടുകയും ചെയ്തു. വീണ്ടും ആക്രമണങ്ങൾക്കിരയായ ഈ ദേവാലയത്തിന്റെ സംരക്ഷണം പതിമൂന്നാം നൂറ്റാണ്ടിന്റെ പകുതിയോടെ ഫ്രാൻസിസ്കൻ സന്യാസികൾ ഏറ്റെടുത്തു. വീണ്ടും ഓട്ടോമന്‍സിനാല്‍ പിടിച്ചടക്കപ്പെട്ട ഈ ദേവാലയം ഒരു മുസ്ലീ൦ പള്ളിയായി രൂപപ്പെടുത്തി. ഈശോയുടെ തിരുവത്താഴ ദേവാലയം എന്നതിനേക്കാള്‍ ദാവീദിന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന സ്ഥലമായാണ് അവര്‍ ഇവിടം  രേഖപ്പെടുത്തിയത്.

സിയോൺ മലനിരയുടെ പ്രധാന നിരയിൽ സ്ഥിതിചെയ്യുന്ന ഈ ദേവാലയം ഗോഥിക് ശൈലിയിൽ ആണ് നിർമ്മിച്ചിരിക്കുക. ദീര്‍ഘ ചതുരാകൃതിയിലുള്ള ആകര്‍ഷകമായ മുറിയാണ് ഇത്. മുകളിലത്തെ നിലയിലേയ്ക്ക് എത്തുന്നതിനായി ഒരു ഏണിപ്പടി സ്ഥാപിച്ചിരിക്കുന്നു. ഈ ഏണിപ്പടികള്‍ക്ക് താഴെയായിയാണ് ദാവീദിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നതെന്ന് കരുതപ്പെടുന്നു. മുസ്ലിം പള്ളിയുടെ അകത്തു സ്ഥാപിക്കുന്ന തരത്തിലുള്ള അലങ്കാരങ്ങള്‍ ഈ മുറിക്കുള്ളില്‍ സ്ഥാപിച്ചിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.