ബധിരരും മൂകരുമായ കുട്ടികൾക്കു വേണ്ടി ജീവിക്കുന്ന സന്യാസിനിമാർ

സി. സൗമ്യ DSHJ

ബധിരരും മൂകരുമായ കുട്ടികൾക്കു വേണ്ടി ജീവിക്കുന്ന കുറച്ചു സന്യാസിനിമാർ നമുക്കിടയിലുണ്ട്. ഇത്തരം കുട്ടികൾക്ക് മികച്ച പരിശീലനം നൽകി സ്വയംപര്യാപ്തരാക്കാൻ സഹായിക്കുന്ന ഓ.എൽ.സി ബധിര വിദ്യാലയം (ഔർ ലേഡി ഓഫ് കൺസലേഷൻ) എന്ന സ്ഥാപനത്തിൽ ഇവർ കർമ്മനിരതരാണ്.

കുറവിലങ്ങാടിന് അടുത്ത് മണ്ണയ്ക്കനാട് സ്ഥിതിചെയ്യുന്ന ഈ സ്ഥാപനം ‘രക്ഷയുടെ ചെറിയ പ്രേക്ഷിതർ’ (LAR) എന്ന സന്യാസിനീ സമൂഹത്തിന്റെ മേൽനോട്ടത്തിലാണുള്ളത്. ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ സ്ഥാപത്തെക്കുറിച്ചും ഇതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും സ്‌കൂൾ ഹെഡ്മിസ്ട്രസ് സി. റിൻസി മാത്യു സംസാരിക്കുന്നു.

ഓ.എൽ.സി ബധിര വിദ്യാലയം

1995 -ൽ തുടങ്ങിയ ഓ.എൽ.സി ബധിര വിദ്യാലയത്തിൽ പതിനൊന്നു സിസ്റ്റേഴ്‌സും നാല് അത്മായരും ഉൾപ്പെടെ പതിനഞ്ച് സ്റ്റാഫ് ഉണ്ട്. എൽ.കെ.ജി മുതൽ പത്താം ക്‌ളാസ് വരെ കേരളാ സിലബസിൽ ഉള്ള പഠനമാണ് ഈ സ്‌കൂളിൽ ലഭ്യമാകുന്നത്. നാലു വയസു മുതലുള്ള കുട്ടികളെ ഇവിടെ സ്വീകരിക്കും. സ്പീച്ച് തെറാപ്പി ഫ്രീ ആയി നൽകിയാണ് സ്‌കൂളിലെ പരിശീലനത്തിന്റെ തുടക്കം. ആറാം വയസിൽ ഒന്നാം ക്‌ളാസിൽ ചേർക്കും. ജനറൽ സ്‌കൂളിൽ നിന്നും വരുന്ന കുട്ടികളാണെങ്കിൽ അടിസ്ഥാന പരിശീലനം നൽകിയ ശേഷമായിരിക്കും ക്‌ളാസിലേക്ക് അയക്കുന്നത്. ഏതു പ്രായത്തിലാണോ ഈ സ്‌കൂളിൽ എത്തുന്നത് ആ പ്രായത്തിലുള്ള ക്‌ളാസിലേക്കേ അയക്കുകയുള്ളൂ. കാരണം, ഇങ്ങനെ വരുന്ന കുട്ടികൾക്ക് അടിസ്ഥാന പരിശീലനം ലഭിച്ചിട്ടില്ല. ഒരു വർഷത്തോളം ചിലപ്പോൾ പ്രാഥമിക പരിശീലനം കൊടുക്കണ്ടിവരും.

ഇതൊരു എയ്‌ഡഡ്‌ സ്‌കൂളാണ്. പത്താം ക്‌ളാസിനു ശേഷം തുടർപഠനത്തിനായി ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിനായി ഇവർ ചേരും. പിന്നീടുള്ള ഡിഗ്രി, തുടർ പഠനം എന്നിവ ഓരോരുത്തരുടെയും അഭിരുചിയെ ആശ്രയിച്ചാണിരിക്കുന്നത്. ഗവണ്മെന്റിന്റെ തന്നെ എൻജിനീയറിങ് ഡിപ്ലോമ കോഴ്‌സ് ഉണ്ട്. അങ്ങനെ പല അവസരങ്ങൾ ഇത്തരം കുട്ടികൾക്ക് ലഭ്യമാക്കുന്നു. ജോലി സാധ്യതയും അവസരവും ഗവണ്മെന്റ് തലത്തിലും അല്ലാതെയും ഇവർക്ക് ലഭ്യമാണ്. ഈ സ്‌കൂളിൽ നിന്നും പഠിച്ചിറങ്ങിയ കുട്ടികൾ വിപ്രോ, ഐഎസ്ആർഓ എന്നിങ്ങനെയുള്ള സ്ഥാപനങ്ങളിലും ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്.

പഠിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികളെയും ഈ സ്‌കൂളിൽ സ്വീകരിക്കുന്നു. 1995 -ൽ തുടങ്ങിയ ഈ സ്‌കൂളിൽ നിന്നും 2005 -ലാണ് ആദ്യത്തെ എസ്എസ്എൽസി ബാച്ച് പാസായി പുറത്തിറങ്ങുന്നത്. 2005 മുതൽ 2020 വരെ ഈ സ്‌കൂളിൽ നൂറ് ശതമാനം വിജയമാണ്.

ഹോസ്റ്റൽ സൗകര്യത്തോടൊപ്പം സ്വയംപര്യാപ്തരാക്കാനുള്ള പരിശീലനവും

സിസ്റ്റേഴ്സിന്റെ മേൽനോട്ടത്തിൽ ജാതിമതഭേദമന്യേ എല്ലാ കുട്ടികൾക്കും ഇവിടെ സൗജന്യ ഹോസ്റ്റൽ സൗകര്യം ലഭ്യമാക്കുന്നു. കാരണം, അവർക്ക് ഗവൺമെന്റിൽ നിന്നും ഗ്രാൻഡ് ലഭിക്കും. പാവപ്പെട്ട കുട്ടികൾക്ക് വസ്ത്രങ്ങൾ, അത്യാവശ്യ വസ്തുക്കൾ എന്നിവ ഈ സന്യാസിനിമാർ തന്നെ ലഭ്യമാക്കും. ഹോസ്റ്റലിൽ ഈ കുട്ടികൾക്ക് സ്വയംപര്യാപ്തരാകാൻ തക്കതായ പരിശീലനം നൽകിവരുന്നു.

കൊച്ചുകുട്ടികൾ മുതൽ ഹോസ്റ്റലിൽ നിൽക്കാറുണ്ട്. അവിടെ ചെറിയ കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ മുതിർന്ന കുട്ടികളും സിസ്റ്റേഴ്സിനൊടൊപ്പം സഹായിക്കും. അങ്ങനെ നല്ല ശീലങ്ങളും സഹായമനഃസ്ഥിതിയും ഒക്കെ ഇവർ പരിശീലിക്കുന്നുണ്ട്. അത് മികച്ച വ്യക്തികളാകാനും സ്വഭാവരൂപീകരണത്തിനും സഹായകമാകുന്നു. ഒരു പ്രായം കഴിഞ്ഞിട്ടാണ് ഈ കുട്ടികളെ ഡ്രസ്സ് കഴുകാനൊക്കെ പഠിപ്പിക്കുന്നത്. എന്നിരുന്നാലും ഈ കുട്ടികളെ ഹോസ്റ്റലിൽ നിർത്താൻ സ്‌കൂൾ അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നിർബന്ധവും പറയാറില്ല.

ഈ സന്യാസിനിമാരുടെ മറ്റൊരു പ്രത്യേകത, ഹോസ്റ്റലിൽ ഈ കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നത് ജോലിക്കാരോ, മറ്റ് സഹായികളോ അല്ല; സിസ്റ്റേഴ്സ് തന്നെയാണ്. ഇവിടെ വരുമ്പോൾ ഒന്നും അറിയാത്തവർ ആയിരിക്കും ഈ കുട്ടികൾ. അവരുടെ കുറവുകളിൽ നിന്നും പുറത്തു കടക്കാനും സ്വയംപര്യാപ്തരാക്കാനും പരിശ്രമിക്കുകയാണ് ഈ സിസ്റ്റേഴ്സ് തങ്ങളുടെ പരിശീലനത്തിലൂടെ സാധ്യമാക്കുന്നത്.

ഈ കുഞ്ഞുങ്ങളുടെ ശബ്ദമാകുന്നതോടൊപ്പം അവർക്ക് മികച്ച രീതിയിൽ പരിശീലനം നൽകി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു. അങ്ങനെ തന്നെയാണ്  ഓരോ കുഞ്ഞും ഈ സ്‌കൂളും ഹോസ്റ്റലും വിട്ട് കടന്നുപോയിട്ടുള്ളത്.

മികച്ച പരിശീലനം

ബധിരരും മൂകരുമായ കുട്ടികളാണെങ്കിലും ഇവർക്ക് വിദ്യാഭ്യാസം നൽകുക, അതിനുള്ള പ്രചോദനം മാതാപിതാക്കൾക്ക് നൽകുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ, പലപ്പോഴും മാതാപിതാക്കൾ, കുട്ടികളെ ചെറുപ്പത്തിൽ തന്നെ അവരുടെ കുറവുകൾ മനസിലാക്കി അത് അംഗീകരിച്ച്  സ്പെഷ്യൽ സ്‌കൂളിൽ ചേർക്കാൻ മടിക്കുന്നു. ഇത്തരം മനോഭാവം കുട്ടികളുടെ വളർച്ചയെ തന്നെയാണ് ബാധിക്കുന്നത്. കാരണം, പത്ത് വയസ് ഒക്കെയാകുമ്പോൾ സ്‌കൂളിൽ ചേർക്കുന്ന കുട്ടികളെ ഒന്നാം ക്‌ളാസിൽ ഇരുത്തി പരിശീലനം ആരംഭിക്കണം. അവർ പത്താം ക്‌ളാസിൽ എത്തുമ്പോഴേക്കും 20 വയസാകും.

ഡാൻസ്, ബാന്റ്, ഡ്രോയിങ്, യോഗ, വർക്ക് എക്സ്പീരിയൻസ് എന്നിങ്ങനെയുള്ള പരിശീലനവും സ്‌കൂളിൽ നിന്നും ലഭ്യമാക്കുന്നു. നാലു വയസിൽ തന്നെ ബധിരരും മൂകരുമായ കുട്ടികളെ പഠനത്തിനായി സ്പെഷ്യൽ സ്‌കൂളിലേക്ക് അയക്കുകയാണെങ്കിൽ അവരിൽ ലിപ് മൂവ്മെന്റും സ്പീച് തെറാപ്പിയും കൊടുക്കുമ്പോൾ സ്ഫുടമായി സംസാരിക്കാൻ സാധിച്ചില്ലെങ്കിലും കാര്യങ്ങൾ പെട്ടെന്ന് മനസിലാക്കാൻ സാധിക്കും.

ഈ കുട്ടികൾക്ക് ആവശ്യം ലാളനയല്ല, കരുതലാണ് 

“ആശയവിനിമയം നടത്താൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് ചെറുപ്പം മുതലേ അതിന്റേതായ ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും പ്രകടിപ്പിക്കുന്നവരാണ് ഈ കുഞ്ഞുങ്ങൾ. ഇത്തരം കുറവുകളുള്ള കുട്ടികൾക്ക്  വീട്ടിലുള്ളവർ അമിതമായ ലാളന, അമിത ശ്രദ്ധ എന്നിവയൊക്കെ കൊടുക്കുമ്പോൾ അത് ആ കുട്ടികളെ മാനസികമായി പിറകോട്ട് വലിയുന്ന സ്വഭാവക്കാരാക്കി മാറ്റും; സ്വയംപര്യാപ്തരാകാൻ അവർ പിന്നോട്ടായിരിക്കും. എന്നാൽ, അവർക്ക് അതിനുള്ള കഴിവുണ്ട്. പക്ഷേ, കുട്ടികളുടെ കുറവുകൾ മനസിലാക്കി ചെറുപ്പം മുതലേ മാതാപിതാക്കൾ, മികച്ച പരിശീലനം ലഭിക്കാനുള്ള സാധ്യത ഒരുക്കിക്കൊടുക്കേണ്ടത് ആവശ്യമാണ്. സ്വയംപര്യാപ്തരാക്കാനുള്ള പരിശീലനം വീട്ടിൽ നിന്നു തന്നെ ആരംഭിക്കണം” – സി. റിൻസി വെളിപ്പെടുത്തി.

ഹോസ്റ്റലിൽ ആയിരിക്കുമ്പോൾ വീട്ടുകാരുമായി ഫോണിൽ കൂടി ആശയവിനിമയം നടത്താൻ ഇവർക്ക് വളരെ ബുദ്ധിമുട്ടാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ അവർക്ക് ചിലപ്പോൾ പെട്ടെന്ന് ദേഷ്യം വരും. ആഗ്യഭാഷ (സൈൻ ലാംഗ്വേജ്) ഉപയോഗിച്ചാണ് ഇവർ ആശയവിനിമയം നടത്തുന്നത്. ഭാവിയിൽ ഇവർ ആംഗ്യഭാഷ ഉപയോഗിക്കാനാണ് സാധ്യത കൂടുതലും.

ഈ കുട്ടികൾക്ക് ആത്മീയമായും ധാർമ്മികമായും വളരാനുള്ള അവസരവും ഈ സ്‌കൂളിൽ നിന്നു തന്നെ  ലഭ്യമാക്കുന്നു. ക്രിസ്ത്യൻ കുട്ടികൾക്കായി എല്ലാ മാസവും ആംഗ്യഭാഷയിലുള്ള വിശുദ്ധ കുർബാന, കുമ്പസാരം, എന്നിവക്കുള്ള സൗകര്യമുണ്ട്. ധാർമ്മികമായ മൂല്യങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള ജീവിതവളർച്ചയ്ക്ക് ആവശ്യമായ ക്‌ളാസുകൾ എല്ലാ കുട്ടികൾക്കും നൽകിവരുന്നു. ഹോളിക്രോസ് സന്യാസ സഭയിലെ ഫാ. ബിജു മുല്ലക്കരയാണ് ആംഗ്യഭാഷയിൽ വിശുദ്ധ ബലിയും കുമ്പസാരവും ക്‌ളാസുകളും നൽകുന്നത്. 2009 മുതൽ ഈ കുഞ്ഞുങ്ങളുടെ ആത്മീയപിതാവാണ് ഇദ്ദേഹം.

പഠനശേഷവും സ്നേഹം കാത്തുസൂക്ഷിക്കുന്നവർ  

ഇവിടെ നിന്നും പഠിച്ചിറങ്ങിയ കുട്ടികൾ, പഠനത്തിനു ശേഷവും ഈ സ്‌കൂളിനെ സ്നേഹിക്കുന്നവരും ഓർക്കുന്നവരുമാണ്. അതിന് പ്രധാന കാരണം, ഇവിടെ നിന്നും ചെറുപ്പം മുതൽ ലഭിച്ച പ്രത്യേക സ്നേഹവും കരുതലുമാണ്. ഈ കുട്ടികൾക്ക് അവരുടെ തന്നെ ഒരു വാട്സ്ആപ് ഗ്രൂപ്പും ഉണ്ട്. ഇവിടെ നിന്നും പഠിച്ചിറങ്ങിയ ശേഷം വിവാഹം കഴിച്ച ചിലരുടെ മക്കൾ ഈ സ്‌കൂളിൽ തന്നെ പഠിക്കുന്നു. ഇടക്കൊക്കെ ഇവിടെ നിന്ന് പഠിച്ചു പോയ കുട്ടികൾ തിരികെ എത്താറുണ്ട്. അങ്ങനെയുള്ളവർക്ക് ഇപ്പോൾ പഠിക്കുന്ന കുട്ടികളോട് പറയാനുള്ളത് ‘പഠിക്കണം, നല്ല ജോലി മേടിക്കണം’ എന്നു മാത്രമാണ്. കുറവുകളെ അവസരങ്ങളായി ഉപയോഗിക്കാൻ നല്ല സാധ്യതയാണ് ഈ സ്‌കൂൾ തുറക്കുന്നത് എന്ന ബോധ്യം അവർക്ക് തങ്ങളുടെ  ജീവിതാനുഭവത്തിന്റെ വെളിച്ചത്തിൽ നിന്നു തന്നെ പറയാനുണ്ട്.

2005 മുതൽ ഈ സ്‌കൂളിന്റെ ഹെഡ്മിസ്ട്രസ് ആയ സി. റിൻസി

പതിനഞ്ചു വർഷമായി ഹെഡ്മിസ്ട്രസ് ആയി സേവനം ചെയ്യുന്നെങ്കിലും അതിനു മുൻപ് സി. റിൻസി ഈ സ്പെഷ്യൽ സ്‌കൂളിലെ തന്നെ അദ്ധ്യാപികയായി ശുശ്രൂഷ ചെയ്തുവരികയായിരുന്നു. ഇവിടെയുള്ള എല്ലാ അദ്ധ്യാപകരും പ്രത്യേകം പരിശീലനം ലഭിച്ചവരാണ്. ഇത് സ്പെഷ്യൽ സ്‌കൂൾ ആണെങ്കിലും ഒരു സാധാരണ സ്‌കൂളിന്റെ എല്ലാ നിയമങ്ങളും പേപ്പർ വർക്കുകളും ഗവണ്മെന്റ് തലത്തിൽ പൂർത്തിയാക്കണം. ജാതിമതഭേദമെന്യേ എല്ലാവർക്കും സംലഭ്യരാണ് ഈ സ്ക്കൂളും ഇവിടെയുള്ള സന്യാസിനിമാരും.

“ഇവിടെ നിന്നും പ്ലസ് ടു പഠിച്ച ശേഷം പോയ ഒരു കുട്ടിയുണ്ട്. പഠിക്കാൻ വലിയ മിടുക്കൻ ഒന്നുമല്ലായിരുന്നെങ്കിലും പ്ലസ് ടു -വിനു ശേഷം ‘ഊർജ്ജ’ എന്ന ഒരു കമ്പ്യൂട്ടർ കോഴ്സ് പഠിച്ചു. അവന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി നല്ല കമ്പനിയിൽ ജോലിയും ലഭിച്ചു. അവന് ലഭിച്ച മികച്ച പരിശീലനത്തെക്കുറിച്ച് നല്ല അഭിപ്രായം പറയുന്നതു കേട്ടപ്പോൾ എനിക്ക് വലിയ സന്തോഷമായി.” അഭിമാനത്തോടെ സിസ്റ്റർ പറയുന്നു.

വിദ്യാഭ്യാസത്തിന് വളരെ പ്രാധാന്യമാണ് ഈ സ്‌കൂളിൽ നിന്നും കൊടുക്കുന്നത്. കഴിഞ്ഞ വർഷം ഏഴ് കുട്ടികൾ പത്താം ക്‌ളാസ് പരീക്ഷ എഴുതിയതിൽ അഞ്ചു പേർക്കും ഫുൾ എ പ്ലസ് ആയിരുന്നു. ഇപ്പോൾ ഈ സ്‌കൂളിൽ ആകെ 60 കുട്ടികളാണ് പഠിക്കുന്നത്.

സ്വന്തം മക്കളെപ്പോലെ കണ്ട് ഓരോ കുഞ്ഞിനേയും സ്നേഹിക്കുന്ന ഈ സിസ്റ്റേഴ്സിന് ഇവിടുത്തെ കുട്ടികളെക്കുറിച്ച് പറയുമ്പോൾ തന്നെ നൂറ് നാവാണ്. ഈ കുഞ്ഞുങ്ങളുടെ പ്രതീക്ഷകൾക്ക് ചിറകേകുന്നതാകട്ടെ ഈ സന്യാസിനിമാരുടെ സ്നേഹവും ആത്മാർത്ഥതയോടെയുള്ള പരിശീലനവും. ഓരോ കുഞ്ഞും ദൈവത്തിന്റെ സ്വന്തമാണെന്ന നിറഞ്ഞ ബോധ്യത്തോടെ ഇവർ തങ്ങളുടെ ശുശ്രൂഷ തുടരുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.