ഭൂമിവില്പന – വ്യാപിക്കുന്ന ഊഹാപോഹങ്ങള്‍; സര്‍ക്കുലര്‍ പറയുന്ന സത്യങ്ങള്‍

വാര്‍ത്താമാധ്യമങ്ങള്‍ എറണാകുളം രൂപതയുടെ ഭൂമിയിടപാടിനെ സംബന്ധിച്ച് നടത്തുന്ന നിരവധി ഊഹോപോഹങ്ങളുടെ ഇടയിലാണ് എറണാകുളം അതിരൂപതയുടെ സഹായമെത്രാനും പ്രോട്ടോസിഞ്ചെലൂസുമായ എടയന്ത്രത്തു പിതാവിന്‍റെ സര്‍ക്കുലര്‍ പുറത്തുവന്നിരിക്കുന്നത്. ഭൂമിയിടപാടിനു പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ വൈദികര്‍ ആവശ്യപ്പെട്ടതനുസരിച്ച് അവരെ ബോധ്യപ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കുലര്‍ മാധ്യമങ്ങളുടെ കള്ളക്കഥകള്‍ക്കും ദുരുദ്ദേശപരമായ ആരോപണങ്ങള്‍ക്കുമപ്പുറം വ്യക്തമാക്കിത്തരുന്ന കാര്യങ്ങള്‍ ഇവയാണ്.

1. മറ്റൂരിലെ 23.22 ഏക്കര്‍ സ്ഥലം 60 കോടി കടമെടുത്ത് വാങ്ങിച്ചു

2. 60 കോടിയുടെ വാര്‍ഷിക പലിശയടക്കാന്‍ (6 കോടി വീതം) സാധ്യമല്ലാത്തതിനാല്‍ മറ്റ് സ്ഥലങ്ങള്‍ (ആരോപണങ്ങളില്‍ ഉന്നയിക്കുന്ന 5 പ്ലോട്ടുകള്‍- ആകെ 306.98 സെന്‍റ്) വിറ്റ് കടം വീട്ടാന്‍ ആലോചിച്ചു, തീരുമാനിച്ചു. (ഈ തീരുമാനം ഉണ്ടായിരിക്കുന്നത് ഔദ്യോഗികസംവിധാനങ്ങളുടെ ആലോചനയില്‍ത്തന്നെയാണ് എന്ന് എടയന്ത്രത്ത് പിതാവ് സമ്മതിക്കുന്നുണ്ട്)

3. ഇത്രയും പ്ലോട്ടുകള്‍ വില്‍ക്കാന്‍ അതിരൂപത തീരുമാനിച്ചത് 27.30 കോടി രൂപക്കാണെന്നും അത് ബാങ്കില്‍ നിക്ഷേപിച്ചതിന് ശേഷം ബാക്കി തുക ചക്കരപ്പറന്പ് ഷോപ്പിംഗ് കോംപ്ലക്സില്‍ നിന്ന് ലഭിക്കുന്ന വാടകയിലൂടെയും മാറ്റും സാവധാനം അടച്ചുതീര്‍ക്കാന്‍ അതിരൂപത തീരുമാനിച്ചിരുന്നുവെന്നും എടയന്ത്രത്ത് പിതാവ് സര്‍ക്കുലറില്‍ എഴുതുന്നു.

ഈ തീരുമാനങ്ങളത്രയും രൂപതാസമിതികളിലൂടെയുണ്ടായ ആലോചനകള്‍ തന്നെയാണ്. തുടര്‍ന്ന് സ്ഥലം വില്‍ക്കാന്‍ ഇടനിലക്കാരനെ ഏല്പിച്ചു. സ്ഥലങ്ങള്‍ മുറിച്ച് വില്‍ക്കാന്‍ പാടില്ലെന്ന് അയാളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വില്പന നടന്നത് 36 പേര്‍ക്കായിട്ടാണ്. അതിരൂപതയുടെ ആലോചനാസമിതികളില്‍ ആലോചിച്ചുറപ്പിച്ച അതേ തുകക്കാണ് (27.30 കോടി) കച്ചവടം നടന്നിരിക്കുന്നതും. എന്നാല്‍ ഇടനിലക്കാരന്‍ വാക്കുതെറ്റിച്ച് 36 പേര്‍ക്ക് സ്ഥലം വില്‍ക്കുകയും നല്കാനുള്ള 27.30 കോടിയില്‍ 9.13 കോടി മാത്രം നല്കുകയുമാണ് ചെയ്തിരിക്കുന്നത്. ബാക്കി പലവിധ കാരണങ്ങളാല്‍ അദ്ദേഹത്തിന് നല്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ആ തുക നല്കുമെന്ന ഉറപ്പിനായി രണ്ടു സ്ഥലങ്ങള്‍ (മൊത്തം 42 ഏക്കര്‍) അതിരൂപതയ്ക്ക് ഈടു നല്കുകയും ചെയ്തു. ഈടു നല്കിയ സ്ഥലത്തിന്‍റെ രജിസട്രേഷനു വേണ്ടി 16.59 കോടി അതിരൂപത നല്കുകയും ചെയ്തു. ഇതില്‍ 10 കോടി ആലോചനസമിതിയില്‍ വക്കാതെ കടമെടുത്തതാണ്.

ഈ ഇടപാടില്‍ അതിരൂപതയുടെ മെത്രാപ്പോലീത്തായായ അഭിവന്ദ്യ ആലഞ്ചേരി പിതാവ് മറച്ചുവെച്ചു എന്ന് ചില വൈദികര്‍ ആരോപിക്കുന്ന കാര്യം ഭൂമി 36 പ്ലോട്ടായിട്ടാണ് വില്‍ക്കുന്നത് എന്ന വസ്തുതയും 10 കോടി കടമെടുത്ത് 42 ഏക്കര്‍ ഭൂമി ഈടായി രജിസ്റ്റര്‍ ചെയ്തു വാങ്ങുന്നു എന്ന വസ്തുതകളുമാണ്.

മേല്‍പ്പറഞ്ഞ കാര്യങ്ങളുടെ പേരില്‍ അതിരൂപതാദ്ധ്യക്ഷനെ കുറ്റപ്പെടുത്തുന്നതിനു മുന്പ് ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം

1. അതിരൂപതയുടെ ആലോചനാസമിതികള്‍ അംഗീകരിച്ച ഭൂമിവില്പന തന്നെയാണ് എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്നിരിക്കുന്നത്.

2. ഭൂമിവില്‍പനയില്‍ അതിരൂപതയുടെ ആഗ്രഹത്തിനു വിരുദ്ധമായി 36 പ്ലോട്ടുകളായിട്ടാണ് വിറ്റതെങ്കിലും അതിരൂപത ആഗ്രഹിച്ചതുപോലെ തന്നെ അതിന് വില ലഭിച്ചിട്ടുണ്ട് – മുഴുവന്‍ കൈയ്യില്‍ എത്തിയിട്ടില്ലെങ്കിലും. (പ്ലോട്ടുകളല്ലാതെ വിറ്റാല്‍ത്തന്നെയും വാങ്ങുന്ന വ്യക്തിക്ക് അത് പ്ലോട്ടുകളായി വില്‍ക്കാമെന്ന സാധ്യത നിലനില്‍ക്കെ ഈയൊരു ധാരണയുടെ പ്രസക്തിയെന്താണെന്ന് സംശയമുണ്ട്).

3. സാന്പത്തികനഷ്ടം 84 കോടിയായി എന്നു പറയുന്പോഴും മറ്റൂരിലെ 23.22 ഏക്കറും കോട്ടപ്പടിയിലെ 25 ഏക്കറും ദേവികുളത്തെ 17 ഏക്കറും രൂപതയുടെ പേരില്‍ത്തന്നെയാണ്. ബാക്കി ലഭിക്കാനിരിക്കുന്ന 18.17 കോടി രൂപ തിരികെ ലഭിക്കുകയും മറ്റിടപാടുകള്‍ തീര്‍ക്കുകയും ചെയ്യുന്പോള്‍ യാതൊരു വിധ സാന്പത്തികനഷ്ടവും രൂപതയ്ക്കുണ്ടാവില്ലെന്ന് എടയന്ത്രത്ത് പിതാവ് തന്നെ എഴുതുന്നുണ്ട്. സഭയുടെ ഔദ്യോഗികവക്താവ് ജിമ്മി പൂച്ചക്കാട്ടച്ചനും അത് സ്ഥിരീകരിക്കുന്നുണ്ട്.

4. ഇടപാടുകള്‍ ഇതുവരെയും അവസാനിച്ചിട്ടില്ലാത്തതിനാല്‍ ഈ ആരോപണങ്ങള്‍ തന്നെ അപ്രസക്തമാണ്. അവിചാരിതമായുണ്ടായ സംഭവിവികാസങ്ങള്‍ മൂലം നീണ്ടുപോയ ക്രയവിക്രയത്തില്‍ ആര് ആരെയാണ് പഴിചാരേണ്ടത്.

5. ഭൂമി ക്രയവിക്രയത്തിന് നേതൃത്വം വഹിച്ചവര്‍ അത് പലരില്‍ നിന്നും മറച്ചുവച്ചത്, ചിലപ്പോള്‍, ഈ ദിവസങ്ങളില്‍ നീട്ടിപ്പിടിച്ച എല്ലാ മൈക്കിന്‍റെയും മുന്പില്‍ വിശദവിവരങ്ങള്‍ കൊട്ടിഘോഷിക്കുന്നവരുടെ പിടിപ്പുകേടുകളെക്കുറിച്ച് അവര്‍ക്കു ബോദ്ധ്യമുള്ളതുകൊണ്ടുതന്നെയാവാം.

വൈദികരുടെ ഇടപെടല്‍

ഈ വിഷയത്തില്‍ ക്രമക്കേടുകളുണ്ടെന്ന് പറഞ്ഞ് ഇടക്കാലത്ത് വൈദികര്‍ ഇടപെട്ടു. തീര്‍ച്ചയായും സ്വന്തം രൂപതയെയും സഭയെയും സ്നേഹിക്കുന്നവര്‍ ഇത്തരം ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നത് കാണുന്പോള്‍ ഇടപെടുകയും കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കുകയും ചെയ്യേണ്ടതാണ്. എന്നാല്‍ ഈ വിഷയത്തില്‍ ചില കാര്യങ്ങളിലെങ്കിലും മേജര്‍ ആര്‍ച്ചുബിഷപ്പിനെ ഒറ്റപ്പെടുത്താനും പലകാര്യങ്ങളില്‍ അദ്ദേഹത്തോടുള്ള വിയോജിപ്പ് മുതലെടുക്കാനും വൈദികരില്‍ ചിലരെങ്കിലും ശ്രമിച്ചിട്ടുണ്ട്. സഭാപരമായ നടപടിക്രമങ്ങള്‍ ഈ ഭൂമിയിടപാടില്‍ പാലിക്കപ്പെട്ടിട്ടില്ലെങ്കില്‍ അത് സഭാപരമായ ചട്ടക്കൂടില്‍ പരിഹരിക്കാന്‍ വകുപ്പുകളുണ്ട്. എറണാകുളം അതിരൂപതയുടെ വൈദികസമ്മേളനവും പ്രെസ്ബിറ്ററള്‍ കൗണ്‍സിലും ഈ വിഷയത്തെപ്പറ്റി പഠിക്കാന്‍ ഒരു കമ്മീഷനെ ചുമതലപ്പെടുത്തുകയും ചെയ്തു. അതാണ് സഭാപരമായ നടപടിക്രമം. (ഭൂമിയിടപാടുകളില്‍ സര്‍ക്കാരിനെ വഞ്ചിക്കുന്നതോ സിവില്‍ കോര്‍ട്ടില്‍ ചോദ്യം ചെയ്യപ്പെടാവുന്നതോ ആയ യാതൊരു ക്രമക്കേടുകളുമുണ്ടായിട്ടില്ല എന്ന് ആരോപിക്കുന്നവര്‍ തന്നെ സമ്മതിക്കുന്നുണ്ടല്ലോ. മാധ്യമങ്ങളുടെ സെന്‍സേഷണല്‍ തലക്കെട്ടുകള്‍ മാത്രമാണ് മറിച്ച് ആരോപിക്കുന്നത്). എങ്കിലും സഭാപരമായി പരിഹരിക്കേണ്ട പ്രശ്നത്തെ ചില വൈദികരെങ്കിലും അതിനപ്പുറം കടന്ന് കൈകാര്യം ചെയ്യുന്പോള്‍ സീറോ മലബാര്‍ സഭ തന്നെ അപഹാസ്യമാവുകയാണ്.

1. സഭാപരമായ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെങ്കില്‍ (എടയന്ത്രത്ത് പിതാവ് പറയുന്ന സുതാര്യതയില്ലായ്മ, കാനന്‍ നിയമലംഘനം) സഭാപരമായ നടപടികളാണ് അവര്‍ക്കെതിരേ എടുക്കേണ്ടത്. അത് കമ്മീഷനെ അന്വേഷണത്തിനായി വെച്ചതിലൂടെയും  അതിരൂപതാസംവിധാനം ആരംഭിച്ചും കഴിഞ്ഞു.

2. അതിരൂപതയുടെ തലവനും സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പുമായ കര്‍ദ്ദിനാള്‍ ജോര്‍‍ജ്ജ് ആലഞ്ചേരിക്കെതിരേ മാധ്യമങ്ങളില്‍ അദ്ദേഹത്തെ കള്ളനും പിടിച്ചുപറിക്കാരനുമെന്നതുപോലെ ചിത്രീകരിക്കുന്ന വൈദികരുടെ ഉദ്ദേശലക്ഷ്യങ്ങള്‍ സംശയിക്കേണ്ടിയിരിക്കുന്നു.

3. അതിരൂപത അന്വേഷണത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് നല്കുംമുന്പേ പലരേയും കുറ്റക്കാരാക്കിയും വിഷയം മാധ്യമങ്ങള്‍ക്കുമുന്പില്‍ അവതരിപ്പിച്ചും ചില വൈദികരെങ്കിലും സഭയുടെ നടപടിക്രമങ്ങളെ ചോദ്യം ചെയ്യുകയാണ്. സഭയുടെ അന്വേഷണസംവിധാനങ്ങളില്‍ അവര്‍ക്ക് വിശ്വാസമില്ലെന്നുള്ളതിന് തെളിവാണിത്.

4. കമ്മീഷനെയും കമ്മീഷനെ നിയോഗിച്ചിരിക്കുന്ന അധികാരികളെയും വിശ്വാസമില്ലാത്തവണ്ണം സഭയുടെ ആഭ്യന്തരവിഷയങ്ങളെ സാമൂഹ്യമാധ്യമങ്ങളിലും വാര്‍ത്താമാധ്യമങ്ങളിലും അവതരിപ്പിച്ച് സീറോ മലബാര്‍ സഭയെ തന്നെ അപഹാസ്യരാക്കുന്ന ഇത്തരം വൈദികര്‍ക്കുനേരെ സഭാപരമായ നടപടിക്രമങ്ങള്‍ കൈക്കൊള്ളേണ്ടതുണ്ട്.

5. രണ്ടു വൈദികരെ ഔദ്യോഗികസ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയും ഭൂമിയിടപാടില്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്യാന്‍ മറ്റുള്ളവരെ ചുമതലപ്പെടുത്തിയും കാര്യങ്ങള്‍ മുന്പോട്ടു പോകുന്നു.

6. എടയന്ത്രത്ത് പിതാവിന്‍റെ സര്‍ക്കുലറില്‍ മേജര്‍ ആര്‍ച്ചുബിഷപ്പിനെ കുറ്റപ്പെടുത്തുന്നതോ ഒറ്റപ്പെടുത്തുന്നതോ ആയ ഒരു വരി പോലുമില്ല. മാധ്യമങ്ങള്‍ അവരുടെ താത്പര്യങ്ങള്‍ വിളിച്ചുപറയുന്നതിനെ ആരും എതിര്‍ക്കാതിരിക്കുന്നതും മൗഡ്യമാണ്.

മാധ്യമങ്ങളിലൂടെ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടുന്ന  ന്യൂനപക്ഷം വരുന്ന വൈദികര്‍ അറിഞ്ഞും അറിയാതെയും ആകമാനസഭയെ ചെളിവാരിയെറിഞ്ഞുകൊണ്ടിരിക്കുകയാണ്. സഭയും സഭാതലവനും സഭാസംവിധാനങ്ങളും അവയുമായി യാതൊരു ബന്ധവുമില്ലാത്ത പ്ലാറ്റ്ഫോമുകളില്‍ ചോദ്യംചെയ്യപ്പെടുന്നതും തേജോവധം ചെയ്യപ്പെടുന്നതും കണ്ടിട്ടും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്ന് പൊതുമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും സഭയുടെ ആഭ്യന്തരവിവരങ്ങള്‍ അവര്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയും ചെയ്യുന്നവരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.

എത്ര വലിയ നീതിയുടെ പേരിലാണ് ഈ ആക്രോശമെങ്കിലും സഭയുടെ നടപടിക്രമങ്ങളെ പരിഹസിച്ചും അവമതിച്ചും നേടിയെടുക്കാന്‍ വെന്പല്‍കൊള്ളുന്ന സ്ഥാപിതതാത്പര്യങ്ങളെ കേരളത്തിലെ എല്ലാ കത്തോലിക്കാവൈദികരോടും വിശ്വാസികളോടും ചേര്‍ന്ന് അപലപിക്കുന്നു. സഭാപിതാവും തലവനുമായ ജോര്‍ജ്ജ് ആലഞ്ചേരിപ്പിതാവിനൊപ്പം സീറോമലബാര്‍ സഭ മുഴുവനും നിലകൊള്ളുന്നു (അഭിവന്ദ്യ പിതാവിന്‍റെ തീരുമാനങ്ങളെ അദ്ദേഹം ഇപ്പോഴും പുലര്‍ത്തുന്ന നിശബ്ദതയുടെ പേരില്‍ത്തന്നെ ആദരിക്കുകയും ചെയ്യുന്നു).

✍ നോബിള്‍ തോമസ് പാറക്കല്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.